
പാലക്കാട്. :
അട്ടപ്പാടിയിലെ ആദിവാസി ജനവിഭാഗങ്ങളുടെ തനത് ഭക്ഷ്യധാന്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി അട്ടപ്പാടി മേഖലയെ ചെറുധാന്യങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക കാര്‍ഷിക മേഖലയായി സംസ്ഥാന കൃഷിവകുപ്പ് പ്രഖ്യാപിച്ച് കൊണ്ട് നടപ്പിലാക്കുന്ന അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ മൂന്നാംഘട്ട പദ്ധതിയ്ക്ക് ഇന്ന് ആരംഭം കുറിച്ചു. പാലക്കാട് അട്ടപ്പാടിയിലെ ചൂട്ടറ ഊരില്‍ ചെറുധാന്യങ്ങളുടെ വിത (കമ്പളം) അഗളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇ്വശ്വരിരേശന്‍ നിരവ്വഹിച്ചുകൊണ്ടാണ് മൂന്നാംഘട്ട പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്..
അട്ടപ്പാടിയിലെ ആദിവാസികള്‍ കാലാകാലങ്ങളായി നടത്തുന്ന ചെറുധാന്യങ്ങളുടെ കൃഷി തിരിച്ചുകൊണ്ടു വരികയും അത് അവരുടെ ഭക്ഷ്യശീലത്തിന്‍റെ ഭാഗമാക്കുകയും ചെയ്താല്‍ ശിശുക്കളിലും ഗര്‍ഭിണികളിലുമുണ്ടാകുന്ന പോഷക ന്യൂനതയുള്‍പ്പെടെ ആദിവാസി സമൂഹത്തിന്‍റെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന കൃഷിവകുപ്പ്, പട്ടിവര്‍ഗ്ഗ വികസന വകുപ്പുമായി സംയോജിച്ച് 2017-ല്‍ അട്ടപ്പാടി മില്ലറ്റ് (ചെറുധാന്യങ്ങള്‍) ഗ്രാമം പദ്ധതി രൂപീകരിച്ചത്. 2017 മുതല്‍ 2020 വരെ നീണ്ടുനില്‍ക്കുന്ന 3 വര്‍ഷ പദ്ധതിയാണിത്.
ആദ്യവര്‍ഷം 45 ഊരുകളിലായി 1287 ഏക്കറും രണ്ടാം വര്‍ഷം 1600 ഏക്കറും വിജയകരമായി പൂര്‍ത്തീകരിക്കുകയുണ്ടായി. റാഗി ചോളം, ഫോക്സ്റ്റൈല്‍ മില്ലറ്റ്, ബണ്‍യാര്‍ഡ് മില്ലറ്റ്, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഊരുകളില്‍ കൃഷി ആരംഭിച്ചത്. ഒരുകാലത്ത് ആദിവാസികളുടെ തനതു ഭക്ഷണ രീതിയില്‍ ഉള്‍പ്പെട്ടിരുന്ന ഈ വിഭവങ്ങള്‍ തിരിച്ചുകിട്ടിയതിന്‍റെ ആഹ്ലാദത്തിലാണ് ഊരു നിവാസികള്‍.
3-ാംഘട്ടമെന്ന നിലയില്‍ 70 ഊരുകളിലായി 1900 ഏക്കറുകളിലാണ് ഈ വര്‍ഷം കൃഷി ആരംഭിച്ചത്. ആദ്യ 2 വര്‍ഷങ്ങളില്‍ ഉല്‍പാദിപ്പിച്ച ചെറുധാന്യങ്ങള്‍ ഊരു നിവാസികളുടെ ആവശ്യം കഴഞ്ഞ് ബാക്കിയുളളവ ബ്രാന്‍ഡഡ് ഉത്പന്നങ്ങളാക്കി വിപണിയിലിറക്കിയിരുന്നു. റാഗി പൗഡര്‍, റാഗി പുട്ടു പൊടി, റാഗി മാവ്, റാഗി കുക്കീസ്, എനര്‍ജി ഡ്രിങ്ക് പൗഡര്‍ ലിറ്റില്‍ മില്ലറ്റ് ഗ്രെയിന്‍ എന്നീ പേരുകളില്‍ ഉത്പന്നങ്ങളാക്കി അട്ടപ്പാടി മില്ലറ്റ് വില്ലേജ് പ്രോഡക്ട്സ് എന്ന പേരിലാണ് ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മില്ലറ്റ് ഗ്രാമം പദ്ധതി അട്ടപ്പാടിയിലെ ആദിവാസികളുടെ പോഷകലഭ്യതയിലും സാമ്പത്തിക ഭദ്രതയിലും ഭക്ഷ്യസുരക്ഷയിലും കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയുന്നു എന്നതിനോടൊപ്പം തന്നെ അട്ടപ്പാടി, ചെറുധാന്യങ്ങളുടെ അഥവാ സൂപ്പര്‍ഫുഡിന്‍റെ ഉത്പാദനകേന്ദ്രമായി ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്യുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് ഈശരിരേശന്‍ അഭിപ്രായപ്പെട്ടു.
ഇന്നു ചൂട്ടറ ഊരില്‍ നടന്ന ചടങ്ങില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. എസ് ഉണ്ണികൃഷ്ണന്‍ നായര്‍, പാലക്കാട് ജില്ലാ കൃഷി ഓഫീസറും അട്ടപ്പാടി പ്രോജക്ട് കോര്‍ഡിനേറ്ററുമായ സുരേഷ് ബി, അസിസ്റ്റ് ഡയറക്ടര്‍ ഹാപ്പി മാത്യു എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
Leave a Reply