Saturday, 20th April 2024


കല്‍പ്പറ്റ: അക്ഷര മുറ്റത്ത് മണ്ണൊരുക്കി പഠനത്തോടൊപ്പം ജൈവകൃഷിയുടെയും പാഠങ്ങള്‍
പകര്‍ന്നു നല്‍കുകയാണ് റഹ്മത്ത് മാഷ്. വാളവയല്‍ ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍
പാലക്കാട് അലനല്ലൂര്‍ പാലക്കുഴി  റഹ്മത്ത് ഒരു നാടിന്റെ സ്പന്ദനമാകുന്നു.

        സൂര്യനുദിക്കുമ്പോഴേക്കും റഹ്മത്ത് മാഷ് സ്കൂളില്‍ ഹാജര്‍.
മുണ്ടുമുറുക്കി പിന്നെ നല്ലൊരു കര്‍ഷകന്‍. സഹായത്തിന് വിദ്യാര്‍ത്ഥികളും
നാട്ടുകാരുമെല്ലാം ചുറ്റിനും. വിശേഷങ്ങള്‍ പങ്കിട്ട് കൃഷിയിടം സജീവമാകും.
പയറും ചീരയും വഴുതനയും വെണ്ടയും തക്കാളിയും
ചേനയും കാബേജുമെല്ലാം സ്കൂള്‍ അങ്കണത്തിന് മാറ്റുകൂട്ടുന്നു. പത്ത് മണി
ബെല്ലടിച്ചാല്‍ മാതൃകാധ്യാപകന്റെ റോള്‍. ജോലിയില്‍ നൂറുശതമാനം
അര്‍പ്പണം. പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളിലെല്ലാം വിദ്യാര്‍ത്ഥികളുടെ
കഴിവ് കണ്ടെത്താന്‍ റഹ്മത്ത് മാഷിന് പ്രത്യേക മിടുക്ക്. അധ്യാപകനെക്കുറിച്ച്
നാട്ടുകാര്‍ക്കും നൂറുനാവ്. സ്നേഹത്തോടെയും എളിമയോടെയുമുള്ള പെരുമാറ്റം
കൊണ്ട് നാടിന്റെ സ്നേഹഭാജനമാകുകയാണ് ഈ അധ്യാപകന്‍.
        കൃഷിയിടത്തില്‍നിന്നും ലഭിക്കുന്ന പച്ചക്കറികള്‍ സ്കൂളിലെ വിഭവസമൃദ്ധമായ
ഉച്ചഭക്ഷണത്തിനും സ്കൂളിലെ വിവിധ ആഘോഷങ്ങള്‍ക്കും പരമാവധി
ഉപയോഗപ്പെടുത്തും.

സന്ധ്യയായാലും റഹ്മത്ത് മാഷ് വിദ്യാലയത്തെ ചുറ്റിപ്പറ്റിയുണ്ടാകും.
പരിസരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശനം.
വിദ്യാര്‍ത്ഥികളുടെ കുടുംബവുമായും നല്ലൊരു ബന്ധം. ഉപദേശങ്ങള്‍ നല്‍കും.
കൊഴിഞ്ഞുപോകുന്ന
വിദ്യാര്‍ത്ഥികളെ കണ്ടെത്തി ക്ലാസിലെത്തിക്കും. എസ്.എസ്.എല്‍.സി.
പരീക്ഷയടുത്താല്‍ ക്യാമ്പിന്റെ മുഴുവന്‍ ചുമതലയും ശിരസ്സിലേറ്റും. അങ്ങനെ
വാളവയലുകാര്‍ക്ക് എല്ലാമെല്ലാമാണ് മാഷ്. അടുത്തിടെ നാട്ടുകാര്‍ റഹ്മത്ത്
മാഷിനെ ആദരിച്ചിരുന്നു. എ പ്ലസ്സിന്റെ മത്സര ലോകത്ത് കാര്‍ഷിക പാഠങ്ങള്‍
മറന്നുപോകുന്ന
പുതുതലമുറക്ക് നല്ലൊരു പാഠം കൂടിയാണ് റഹ്മത്ത് മാഷിന്റെ ജീവിതമെന്ന്
അദ്ദേഹത്തിന്റെ സുഹൃത്ത് നസ്രുള്ള മാഷ് അഭിപ്രായപ്പെടുന്നു.

        സ്വന്തം ജില്ലയായ പാലക്കാടിലേക്ക് ജോലി മാറ്റം ലഭിക്കുമായിരുന്നിട്ടും
വാളവയല്‍ വിട്ടുപോകാന്‍ മടി. അത്രമാത്രമാണ് നാട്ടുകാരും റഹ്മത്ത്
മാഷും തമ്മില്‍ സ്നേഹബന്ധം.
        ഭാര്യ ഹബീബ വാട്ടര്‍ അതോറിറ്റിയില്‍ യു.ഡി.സി. ആയി ജോലി ചെയ്യുന്നു.
മക്കള്‍: നുബ് ല ഫിസിക്സ് ബിരുദ വിദ്യാര്‍ത്ഥിനിയാണ്. നബീല്‍ ഇത്തവണ
പത്താംക്ലാസില്‍ ഫുള്‍ എ പ്ലസ്സോടെ പാസ്സായി. പിതാവിനെപോലെ പാഠ്യപാഠ്യേതര
രംഗങ്ങളില്‍ രണ്ടുപേരും മിടുക്കര്‍. രണ്ടുപേരും സംസ്ഥാന- ജില്ലാ തല
ചിത്രരചനാ മത്സരങ്ങളില്‍  സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *