Wednesday, 29th September 2021

ഡൽഹി: 

ചിപ്‌സിന്  ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ്  കൃഷി ചെയ്ത ഒമ്പതു കര്‍ഷകരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട്  ബഹുരാഷ്ട്ര കമ്പനിയായ  പെപ്‌സികോ നിയമയുദ്ധം തുടങ്ങി. ഗുജറാത്തിൽ കർഷകരുടെ പ്രക്ഷോഭം ശക്തമാകുന്നു. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ രംഗത്തു വന്നു.

പെപ്‌സികോയുടെ ഹർജി  പരിഗണിച്ച അഹമ്മദാബാദ് ഹൈക്കോടതി പ്രദേശത്തെ കോൾഡ് സ്റ്റോറേജിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതിക്കു നിർദ്ദേശം  നൽകി. ആരോപണ വിധേയരായ കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ സമീപത്തെ കോൾഡ് സ്റ്റോറേജുകളിൽ സംഭരിക്കുന്നുവെന്ന കമ്പനിയുടെ ആരോപണം പരിഗണിച്ചാണ് നടപടി. 

FL 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട  ഉരുളക്കിഴങ്ങിന്റെ അവകാശം പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ് ആക്ട് 2001 പ്രകാരം തങ്ങള്‍ക്കാണെന്നു പെപ്‌സികോ അവകാശപ്പെടുന്നു. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ കര്‍ഷകര്‍ക്കെതിരെയാണ് പെപ്‌സികോ നിയമനടപടി സ്വീകരിച്ചത്. ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍ക്കുന്നതും താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മൂന്ന് കര്‍ഷകര്‍ക്ക്  അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. 

അനുമതിയില്ലാതെയാണ് ഈ ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തതെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും കമ്പനി കർഷകർക്ക് അയച്ച നോട്ടീസിൽ പറയുന്നു. കമ്പനിയുടെ പരാതിയെ തുടര്‍ന്ന് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും അഹമ്മദാബാദിലെ കൊമേഴ്‌സ്യല്‍ കോടതി തടഞ്ഞിരുന്നു.  സാംപിളുകള്‍ പരിശോധിക്കാനും അന്വേഷണം നടത്തുന്നതിനും കമ്മിഷണറെ കൊമേഴ്‌സ്യല്‍ കോടതി നിയോഗിച്ച സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർദേശം. 

കേസ‌് പിൻവലിക്കാൻ പെപ‌്സികോ കമ്പനി തയാറാകുന്നതുവരെ  പെപ‌്സികോയുടെ ഉരുളക്കിഴങ്ങ‌് ഉൽപ്പന്നങ്ങൾ ബഹിഷ‌്ക്കരിക്കാൻ കിസാൻസഭ ആഹ്വാനം ചെയ‌്തു. വിള വകഭേദങ്ങളും കർഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള (പിപിവി ആൻഡ് എഫ്ആർ) നിയമത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായ കേസാണ‌് പെപ‌്സികോ കമ്പനി കർഷകർക്ക‌ുമേൽ ചുമത്തിയിരിക്കുന്നതെന്നും ശക്തമായി തന്നെ നേരിടുമെന്നും കർഷക സംഘടനകൾ പറയുന്നു. 

നാല് ഏക്കറിൽ താഴെ മാത്രം ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്ന കർഷകർക്കെതിരെയാണ് 1.05 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു പെപ്‌സികോ കേസ് കൊടുത്തിരിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കു മാത്രം അനുകൂലമായ പേറ്റന്റ് നിയമങ്ങള്‍ സാധാരണ മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തെ പോലും ഹനിക്കുന്നതാണെന്നാണ് കർഷകരുടെ പൊതുവികാരം. 

പ്രാദേശികമായി ലഭിച്ച വിത്ത് ഉപയോഗിച്ചാണ് കര്‍ഷകര്‍ കൃഷി ചെയ്തതെന്നും കമ്പനി ഉന്നയിക്കുന്ന നിയമപ്രശ്‌നങ്ങളെക്കുറിച്ചു പലര്‍ക്കും അറിയില്ലായിരുന്നെന്നും വഡോദരയിലെ കര്‍ഷക കൂട്ടായ്മയുടെ ഭാരവാഹി കപില്‍ ഷാ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. 

2009ലാണ് FL 2027 എന്ന സങ്കര ഇനത്തില്‍പ്പെട്ട ഉരുളക്കിഴങ്ങ് ഇന്ത്യയില്‍ ആദ്യമായി വ്യാവസായികമായി കൃഷി ചെയ്തത്. പഞ്ചാബിലെ ഏതാനും കര്‍ഷകര്‍ക്ക് ഈ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനുള്ള ലൈസന്‍സ് കമ്പനി നല്‍കിയിട്ടുണ്ട്. കമ്പനിക്കു മാത്രമേ ഈ ഉരുളക്കിഴങ്ങ് വില്‍ക്കാവൂ എന്ന വ്യവസ്ഥയിലാണ് ഇത്. അനുമതിയില്ലാതെ ആരെങ്കിലും ഉല്‍പ്പാദിപ്പിച്ചാല്‍ അത് നിയമലംഘനമാകുമെന്നും പെപ്‌സികോ പറയുന്നു.  

എന്നാൽ പി.പി.വി ആൻഡ് എഫ്.ആ ർ നിയമത്തിന്റെ പരിധിയിൽ നിന്നു കർഷകരെ ഒഴിവാക്കിയിട്ടുണ്ടെന്നും രജിസ്റ്റർ ചെയ്ത വിത്തുകൾ ബ്രാൻഡ് ചെയ്ത് വിൽക്കാത്തിടത്തോളം കാലം ഏതിനം വിളകളും കൃഷി ചെയ്യാനും വിൽക്കാനും ഉള്ള അവകാശം കർഷകർക്കുണ്ടെന്നും കർഷക സംഘടനകളും ചൂണ്ടിക്കാണിക്കുന്നു. 

'

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *