തിരുവനന്തപുരം: കടുത്ത ചൂടില്‍നിന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി അവയുടെ ഭക്ഷണക്കാര്യത്തില്‍ കര്‍ഷകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഫീഡ്സ് ലിമിറ്റഡ് അറിയിച്ചു.
അതികഠിനമായ വേനല്‍ച്ചൂട് മനുഷ്യരെപ്പോലെ തന്നെ വളര്‍ത്തു മൃഗങ്ങള്‍ക്കും വളരെയധികം ശാരീരികാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് സങ്കരയിനം പശുക്കളെയാണ്. ഇവയ്ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. കടുത്ത ചൂടു മൂലമുണ്ടാകുന്ന രോഗങ്ങളും ആദ്യം പിടികൂടുന്നത് ഇത്തരത്തിലുള്ള കന്നുകാലികളെയാണ്. പോഷക സന്തുലിതമായ തീറ്റ നല്‍കുന്നതിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് കേരളാ ഫീഡ്സ് അസിസ്റ്റന്‍റ് മാനേജരും ന്യൂട്രീഷനിസ്റ്റുമായ ഡോ. കെഎസ് അനുരാജ് അറിയിച്ചു.
പകല്‍ സമയങ്ങളില്‍ 11 മണി മുതല്‍ 5 മണി വരെ വളര്‍ത്തുമൃഗങ്ങളെ പുറത്ത് തുറസ്സായ ഇടങ്ങളില്‍ കെട്ടാതിരിക്കുന്നതാണ് പരിപാലനത്തിന്‍റെ ആദ്യപടി. ഇവയ്ക്ക് പകല്‍ സമയത്ത് ധാരാളം ശുദ്ധജലം ഉറപ്പാക്കണം.
കാലിതീറ്റ പോലുള്ള സമീകൃതാഹാരങ്ങള്‍ രാവിലെ 10 മണിക്ക് മുന്‍പും വൈകീട്ട് 5 മണിക്ക് ശേഷവുമാണ് നല്‍കേണ്ടത്. സാധാരണ അളവില്‍ നല്‍കുന്ന തീറ്റ പല തവണയായി ചെറിയ അളവില്‍ കാലികള്‍ക്ക് നല്‍കുന്നതാണ് നല്ലത്. ഇത് ദഹനപ്രക്രിയ മൂലം മൃഗങ്ങളുടെ ശരീരത്തിലുണ്ടാകുന്ന ചൂട് കുറയ്ക്കാന്‍ സഹായിക്കും.
ചൂട് ലഘൂകരിക്കുന്നതിന് തീറ്റയില്‍ 20 ഗ്രാമോളം ബേക്കിങ് സോഡ അല്ലെങ്കില്‍ സോഡാ പൊടി ചേര്‍ക്കുന്നത് അത്യുത്തമമാണ്. ഇത് ദഹനപ്രക്രിയയുടെ ക്രമീകരണത്തിനും സഹായിക്കുന്നു. വേനല്‍ക്കാലത്ത് പശുവിന്‍റെ ശരീരത്തില്‍ നിന്നും ധാതുലവണങ്ങള്‍ പാലിലൂടെയും മറ്റും നഷ്ടമാകുന്നുണ്ട്. ഈ കുറവ് നികത്തുന്നതിന് 30 മുതല്‍ 50 ഗ്രാം വരെ ധാതുലവണ മിശ്രിതം ദിവസേന പശുവിന് തീറ്റയിലൂടെ നല്‍കേണ്ടത് അത്യാവശ്യമാണ്. കൂടതെ വൈക്കോല്‍, പിണ്ണാക്ക്, കാലിത്തീറ്റ മുതലായവ ചൂട് സമയങ്ങളില്‍ നല്‍കാതെ രാവിലെയോ വൈകീട്ടോ മാത്രം നല്‍കണം.
ആന്‍റിഓക്സിഡന്‍റ്സ് ആയ വൈറ്റമിന്‍ എ, സി, ഇ, സെലീനിയം എന്നിവ അടങ്ങിയ തീറ്റ വസ്തുക്കള്‍ നല്‍കാന്‍ ഇക്കാലത്ത് ശ്രദ്ധിക്കണം. ധാരാളം പച്ചപ്പുല്ല് ഈ സമയത്ത് നല്‍കുന്നത് ചൂടുകാലത്ത് പാലുല്പാദനത്തിലുണ്ടാകുന്ന കുറവ് പരിഹരിക്കുമെന്ന് ഡോ. അനുരാജ് ചൂണ്ടിക്കാട്ടി.
വേനല്‍ക്കാലത്ത് തൊഴുത്ത് പരിപാലിക്കുന്നതിലും വളരെയധികം ശ്രദ്ധ വേണം. ചൂട് തങ്ങിനില്‍ക്കാത്ത നല്ല വായുസഞ്ചാരമുള്ള അന്തരീക്ഷം തൊഴുത്തില്‍ അത്യന്താപേഷിതമാണ്. ആര്‍ദ്രത കുറയ്ക്കുന്നതിന് ഫാന്‍ ഘടിപ്പിക്കുകയും ചെയ്യാം കൂടാതെ എപ്പോഴും ദാഹജലം തൊഴുത്തില്‍ ഉണ്ടായിരിക്കണം ഓട്ടോമാറ്റിക് ഡ്രിങ്കിങ് സിസ്റ്റമാണ് ഇതിന് ഉത്തമ പരിഹാരം. ജീവകങ്ങളുടെ സ്രോതസ്സായ ഇലകളും ഈര്‍ക്കില്‍ മാറ്റിയ പച്ച ഓലയും പശുവിന് കൊടുക്കുന്നത് വളരെ നല്ലതാണ്. തൊഴുത്തിന്‍റെ മേല്‍ക്കൂരയിലും പശുവിന്‍റെ ദേഹത്തുമെല്ലാം നനഞ്ഞ ചണച്ചാക്ക് ഇടുന്നത് വേനല്‍ ചൂടില്‍ നിന്നു രക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യുഷ്ണ സമയങ്ങളില്‍ പശുക്കളെ നേരിട്ട് കുളിപ്പിക്കുന്നത് നല്ലതല്ല. പെട്ടെന്നുള്ള ശരീരതാപമാറ്റം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. രാവിലെ വെയില്‍ തുടങ്ങുന്ന സമയത്തും വൈകീട്ട് വെയില്‍ കുറയുന്ന സമയത്തും കുളിപ്പിക്കുന്നതാണ് നല്ലത്. പകല്‍ സമയങ്ങളില്‍ തൊഴുത്തിലെ ചൂട് കൂടുതലാണെങ്കില്‍ തണല്‍ മരങ്ങള്‍ക്ക് കീഴെ പശുക്കളെ കെട്ടുന്നത് ചൂട് മൂലമുള്ള സമ്മര്‍ദ്ദം കുറയ്ക്കും.
Leave a Reply