Wednesday, 7th December 2022

അനിൽ ജേക്കബ് കീച്ചേരിയിൽ

 
 
 
 
          സമ്പന്നമായ ഭാരതീയ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ് കന്നുകാലി പരിപാലനം. ഭൂരിഭാഗം വരുന്ന സാധാരണ ആളുകളുടെ ജീവിതരീതിയും ഇതുതന്നെ. ഈ മേഖലയെ മാത്രം ആശ്രയിച്ച് നിരവധി പേരാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. സുസ്ഥിരമായ വളർച്ചയ്ക്ക് ഉൽപാദന മേഖലയെ മുന്നിൽനിന്ന് നയിക്കേണ്ടത് ക്ഷീര – മൃഗസംരക്ഷണ മേഖലയാണ്. കാർഷിക കേരളത്തിൻറെ ചിത്രം പരിശോധിച്ചാൽ കൃഷിയെ പിന്തള്ളി മുന്നോട്ടുവന്ന ക്ഷീര കാർഷികമേഖലയുടെ ചരിത്രമറിയാം. എന്നാലിന്ന് ഉപജീവനത്തിനുപരി സ്ഥിര വരുമാനം കിട്ടുന്ന തൊഴിലായി പശുപരിപാലനം മാറിയതോടെ ധാരാളം മാറ്റങ്ങൾ അതുമായി ബന്ധപ്പെട്ട പലമേഖലകളിലും വന്നു കഴിഞ്ഞു. ഒരു തൊഴിൽ എന്നതിനുപരി പശു വളർത്തൽ അനേകം മേഖലകളിലെ തൊഴിലാളികൾക്ക് വരുമാനം നൽകാൻ തുടങ്ങി.പാർപ്പിടം, ഭക്ഷണക്രമം, പ്രത്യുല്പാദനം, കറവ, രോഗനിയന്ത്രണം, പാൽ വിപണനം എന്നിങ്ങനെ ഓരോ മേഖലയിലും കാര്യക്ഷമവും ശാസ്ത്രീയവുമായ  സമീപനം സ്വീകരിക്കേണ്ട ആവശ്യകത കൈവന്നു. ഉപജീവനമാർഗ്ഗം എന്ന നിലയിൽ കർഷകന് കൂടുതൽ വരുമാനവും ലാഭവും ലഭിക്കുന്നതിന് ശാസ്ത്രീയമായ സംരക്ഷണ രീതികളും ആവിഷ്കരിക്കപ്പെട്ടു. ഇതിനുപുറമേ പാൽ ഒരു വാണിജ്യ വസ്തുവായതോടെ  പശുപരിപാലനത്തിൽ സാധ്യതകൾ കൂടി വന്നു. അതുവരെ പിന്നോക്കം നിന്ന  ക്ഷീരകാർഷിക മേഖല നവോദാന പ്രക്രിയയിലൂടെ  ഉയരങ്ങളിലെത്തി.
 
 
 
*കേരളത്തിൻറെ ചില നാടൻ കന്നുകാലി വർഗ്ഗങ്ങൾ*
 
             നാടൻ ഇനങ്ങൾ നല്ല പ്രതിരോധശേഷിയുള്ളവയും , പരിപാലന ചിലവ് കുറഞ്ഞവയുമാണ്. ഇത്തരം പശുക്കളുടെ പാൽ അളവിൽ കുറവാണെങ്കിലും ഗുണമേന്മയുടെ കാര്യത്തിൽ മുകളിലാണ്. അതുകൊണ്ടുതന്നെ നാടൻ പശുക്കൾക്കുള്ള പ്രാധാന്യവും കൂടുതലാണ്.
 
 വെച്ചൂർ: ലോകത്തിലെ ഏറ്റവുംചെറിയ പശുവെന്ന് കരുതപ്പെടുന്ന ഇനമാണ് വെച്ചൂർ പശുക്കൾ. തവിട്ടുനിറത്തിൽ കാണപ്പെടുന്നു ഈ വിഭാഗം മികച്ച ഉത്പാദനശേഷിയുള്ളവരാണ് . കുറഞ്ഞ തീറ്റ ചിലവ് മതിയെന്നതാണ് ഇവരുടെ മറ്റൊരു പ്രത്യേകത. കുളമ്പുരോഗത്തെ ഉൾപ്പെടെ പ്രതിരോധിക്കാൻ ശേഷിയുള്ളവരാണ് ഈ വിഭാഗം പശുക്കൾ. മൂന്നുമുതൽ നാല് ലിറ്റർ വരെ പാൽ പ്രതിദിനം ഇവരിൽ നിന്ന് ലഭിക്കും.
 
 
*കാസർകോഡ് കുള്ളന്മാർ*
 
             കാസർകോഡ്-മംഗലാപുരം പ്രദേശങ്ങളിൽ കാണുന്ന വളരെ ഉയരം കുറഞ്ഞ വിഭാഗമാണിത്. കറുപ്പ്, തവിട്ട് നിറങ്ങളിൽ ആണ് ഈ കുള്ളന്മാർ കാണപ്പെടുന്നത് .ഒരു മീറ്ററിൽ താഴെ മാത്രമേ പൊക്കം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിദിനം ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കും.
 
 
*വടകരകുള്ളൻ*
   
         വടകര ഭാഗത്ത് കാണപ്പെടുന്ന പ്രത്യേക ഇനം പശുക്കളാണ് വടകര കുള്ളന്മാർ. ചുവപ്പ് ,കറുപ്പ്, തവിട്ട് എന്നിവയാണ് ഈ  വിഭാഗത്തിൻറെ നിറങ്ങൾ . ഒരു മീറ്ററിലധികം മാത്രമാണവരുടെ ഉയരം. പ്രതിദിനം മൂന്നു മുതൽ നാലു ലിറ്റർ വരെ പാൽ ലഭിക്കും. വടകര കുള്ളന്മാർ ശാന്തസ്വഭാവക്കാരല്ല. അതുകൊണ്ടുതന്നെ പരിചയമില്ലാത്തവരോട് ഇവർ അക്രമം കാട്ടും.
 
*കപില*
   
        ഈ വിഭാഗം അപൂർവമായി കാണപ്പെടുന്ന ഒന്നാണ്. കാസർഗോഡ് കുള്ളൻമാർക്ക് ആയിരത്തിൽ  നാല്പതു എണ്ണം എന്ന കണക്കിലാണ് കപില . കാസർഗോഡ് ,മംഗലാപുരം , ഷിമോഗ ജില്ലകളിലും ഈ വിഭാഗം കാണപ്പെടുന്നത് . ഉയരം കുറഞ്ഞ ഈ കന്നുകാലികൾക്ക് ചെമ്പു നിറമാണ്.
 
          
                 പൊതുവേ കാണപ്പെടുന്ന ചില നാടൻ ഇനങ്ങളാണ് ഈ കന്നുകാലികൾ. ഇവയുടെ പരിപാലനം ഭദ്രമായ സാമ്പത്തിക അടിത്തറ സാധാരണ കർഷകർക്ക് ഉണ്ടാക്കി തരും എന്ന കാര്യത്തിൽ സംശയമില്ല. ഈ മേഖലയെ മാത്രം അടിസ്ഥാനമാക്കി ധാരാളം സാധാരണ കുടുംബങ്ങളാണ് ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞുവരുന്നത്.

Leave a Reply

Leave a Reply

Your email address will not be published.