Thursday, 29th February 2024
 
ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയാണ് പാറശ്ശാല ചെറുവാരക്കോണം ആത്മനിലയില്‍ സംഘടിപ്പിച്ചിരിക്കുന്ന അഗ്രിക്കള്‍ച്ചറല്‍ ഷോ 2018. ജൈവ വൈവിധ്യങ്ങളുടെ അത്യപൂര്‍വക്കാഴ്ചകളാണ് ഈ അഗ്രി ഫെസ്റ്റിവലിന്റെ പ്രത്യേകത. സമ്പന്നമായ പച്ഛപ്പിനത്ത് കയറിക്കഴിഞ്ഞാല്‍ നിരവധി കാഴ്ചകളാണ് ജനങ്ങളെ കാത്തിരിക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്തയിനം ആടുകള്‍, പശുക്കള്‍, നായകള്‍ വിവിധതരത്തിലുള്ള ചെടിപ്പടര്‍പ്പുകള്‍, കുറ്റിച്ചെടികള്‍ തുടങ്ങിയവയാല്‍ വലയം ചെയ്ത് നില്‍ക്കുന്ന ഈ സ്ഥലം മനോഹരമായ ഒരു കാഴ്ച തന്നെയാണ്. വളര്‍ത്തു മ്യഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍ക്കും കണ്‍കുളിര്‍ക്കെ കാഴ്ചകള്‍ കണ്ടു കറങ്ങിനടക്കാം. ജൈവ ഭക്ഷണം നല്‍കി വളര്‍ത്തിയ കോഴികളുടെ മുട്ടയും ഇവിടെ വില്‍പ്പനയ്ക്കായുണ്ട്. റിഫ്രഷ്‌മെന്റിന് ചൂട് ചായയും ബജിയുമൊക്കെ കിട്ടുന്ന ഒരു തട്ടുകടയും ഈ മേളയില്‍ ഒരുക്കിയിട്ടുണ്ട്.
 
കേരളത്തിലെ ഏറ്റവും വലിയ സമ്പൂര്‍ണ്ണ കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ ഒന്നാണ് ആത്മനിലയത്തില്‍ നടക്കുന്ന കാര്‍ഷികമേള. ഏഴ് ഏക്കറിലായി ഒരുക്കിയിരിക്കുന്ന മേളയില്‍ ഏഴ് പുഷ്പഫല, ഔഷധസസ്യങ്ങളുടെയും അലങ്കാരമത്സ്യങ്ങളും ഓമന പക്ഷിമൃഗാദികളുടെയും വിപുലമായ ശേഖരം സന്ദര്‍ശകരെ വരവേല്‍ക്കുന്നു. ആയുസ്സിന്റെ പുസ്തകത്തില്‍ ഒമ്പതു പതിറ്റാണ്ടുകള്‍ പിന്നിട്ട റസാലം എന്ന കര്‍ഷകനും മകന്‍ ജയകുമാറും കൂടി ചേര്‍ന്നാണ് 17 ദിവസത്തെ കാര്‍ഷിക മേളയ്ക്ക് നേതൃത്വം നല്‍കുന്നത്. 
 
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ഇനം പുഷ്പഫലസസ്യങ്ങളും ലോകത്തിലെ ഏറ്റവും ചെറിയ ഇനം നായ മുതല്‍ വലിപ്പത്തില്‍ മുന്തിയ ഗ്രേറ്റ് ഡെയ്ന്‍ വരെ അടങ്ങിയ നായകളുടെ നിരയും വെച്ചൂര്‍ പശു, കനേഡിയന്‍ ആട്, കഴുത, എമു, മക്കാവു, റോസല്ല എന്നിങ്ങനെ അപൂര്‍വമായ പക്ഷിമൃഗാദികളും മേളയിലെ പ്രധാന ആകര്‍ഷണങ്ങളില്‍പ്പെടുന്നു. സന്ദര്‍ശകരോട് നന്നായി ഇടപഴകുന്നതാണ് ഈ മൃഗങ്ങളെന്നതും മറ്റൊരു പ്രത്യേകത. കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. 
 
സ്‌കൂള്‍ കുട്ടികള്‍ക്കായി ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ്, തേനീച്ച വളര്‍ത്തല്‍, അലങ്കാര മത്സ്യപരിപാലനം എന്നിവയില്‍ വിദഗ്ധരുടെ ക്ലാസ്സുകള്‍, ജലവും മണ്ണും ഉപയോഗിക്കാതെയുള്ള കൃഷിരീതികള്‍, പോളിഹൗസ് എന്നിങ്ങനെ വിവിധ തലമുറകളിലുള്ളവര്‍ക്കെല്ലാം ആസ്വാദ്യകരമായ വിധത്തിലുള്ള വിഭവങ്ങള്‍ മേളയെ വിജ്ഞാനപ്രദമാക്കുന്നു. ഏഴ് ഏക്കറിലായി ക്രമീകരിച്ചിരിക്കുന്ന പ്രദര്‍ശനം മുഴുവനും കണ്ടിറങ്ങാന്‍ കുറഞ്ഞത് രണ്ടു മണിക്കൂര്‍ വേണം. സി.കെ ഹരീന്ദ്രന്‍ എംഎല്‍എയാണ് കാര്‍ഷിക മേളയുടെ ഉദ്ഘാടനം ചെയ്തത്. 
 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *