തൃശൂര്‍: ദിവസം തോറും കിലോക്കണക്കിന് മുടിയാണ് കേരളത്തിലെ ബാര്‍ബര്‍ ഷോപ്പുകളില്‍ മാലിന്യക്കൂമ്പാരമായി കിടക്കുന്നത്. ഈ മുടിയെ വളമാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിരിക്കുന്നു. രണ്ടുവര്‍ഷത്തെ ഗവേഷണ ഫലമായമായി മുടി മുറികളെ വളമായി മാറ്റാന്‍ സര്‍വകലാശാല വികസിപ്പിച്ച സാങ്കേതിക വിദ്യ വൈഗ അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ പുറത്തിറക്കി.

ബാര്‍ബര്‍ ഷോപ്പുകളില്‍ നിന്നും ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും പുറത്തു തള്ളുന്ന അനേക ടണ്‍ മുടി വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴി തെളിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് പോലെ കുറേ കാലം ഭൂമിയില്‍ അഴുകാതെ അവശേഷിക്കുന്ന മുടി വെള്ളക്കെട്ടിനും നീരൊഴുക്കു തടസ്സപ്പെടുത്തുന്നതിനും കാരണമാകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുടി വളമാക്കുന്നതിനെക്കുറിച്ച് സര്‍വകലാശാല ഗവേഷണം ആരംഭിച്ചത് ' .   ഒരു കിലോഗ്രാം മുടി താപ, രാസ പ്രക്രിയകള്‍ വഴി ഒന്നര ലിറ്റര്‍ ദ്രവരൂപത്തിലുള്ള വളമാക്കി മാറ്റാമെന്ന് ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളേജ് മൈക്രോ ബയോളജി വിഭാഗം പ്രൊഫസ്സര്‍ ഡോ.ഡി. ഗിരിജയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തിയത്. മുടിയില്‍ നിന്നുള്ള ഒരു ലിറ്റര്‍ വളത്തില്‍ 9 ഗ്രാം പാക്യജനകം,5 ഗ്രാം പൊട്ടാസ്യം, 20 മില്ലിഗ്രാം കാത്സ്യം, 3 മില്ലിഗ്രാം മഗ്നീഷ്യം, 72 മില്ലിഗ്രാം സള്‍ഫര്‍, 3.3.മില്ലിഗ്രാം സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് തളിക്കുന്നത് പച്ചക്കറികൃഷിക്ക് വളരെ പ്രയോജനകരമാണെന്ന് ഫീല്‍ഡ് തല പറിക്ഷണങ്ങള്‍ തെളിയിച്ചു. ചീര, വെണ്ട, വഴുതന തുടങ്ങിയ ഇനങ്ങളില്‍ മുടിയില്‍ നിന്നുള്ള വളപ്രയോഗം സാധാരണ പരിപാലന മുറകളേക്കാള്‍ അധികം ഉല്പാദനത്തിനു വഴിയൊരുക്കുനതായി കണ്ടെത്തിയിട്ടുണ്ട്. വൈഗയിൽ നടന്ന ചടങ്ങിൽ 

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന്റെയും കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ആര്‍ ചന്ദ്രബാബുവിന്റേയും സാന്നിദ്ധ്യത്തില്‍ അഖിലകേരള ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ അസോസ്സിയേഷന്‍ ജനറല്‍ സെക്രട്ടറി യു.എന്‍. തമ്പി മന്ത്രി കടകമ്പള്ളി സുരേന്ദ്രനില്‍ നിന്ന് ആദ്യ ഉല്പ്പന്നം ഏറ്റു വാങ്ങി. മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്റെ നിര്‍ദ്ദേശ്ശ പ്രകാരം നടത്തിയ ഗവേഷണത്തില്‍ മണ്ണു സംരക്ഷണ വിഭാഗം പ്രൊഫസ്സര്‍ ഡോ.പി.സുരേഷ് കുമാര്‍, തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ പ്രൊഫസ്സര്‍ ഡോ.പി.ആര്‍.ജയന്‍, ഡോ.ലിഡിയ എം തോമസ്, ഡോ. പി.എസ്.പഞ്ചമി എന്നിവര്‍ ഭാഗഭാക്കായി.
കൃഷി ഡയറക്ടര്‍ ഡോ.പി.കെ.ജയശ്രീ ഐ എ എസ്, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ ഡയറക്ടര്‍ ജസ്റ്റിന്‍ മോഹന്‍ ഐ എഫ് എസ്, കാര്‍ഷിക സര്‍വകലാശാലാ ഗവേഷണ ഡയറക്ടര്‍ ഡോ.പി.ഇന്ദിരാ ദേവി, വിജ്ഞാന വ്യാപന ഡയറക്ടര്‍ ഡോ.ജിജു പി അലക്‌സ്, മുഖ്യ ഗവേഷക ഡോ.ഡി.ഗിരിജ, അഖിലകേരള ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ അസോസ്സിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

(Visited 16 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *