Friday, 29th September 2023
 
നാട്ടുചന്തയും നാടന്‍ വിപണി സമ്പ്രദായവും തികച്ചും അന്യമായ ഈ കാലഘട്ടത്തില്‍ ഇത്തരം ചന്തകളും വിപണികളും പുതുലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ഹൈടെക് കൂട്ടായ്മ എന്ന് നമ്മള്‍ വിളിക്കുന്ന ഫേസ്ബുക്ക്-വാട്‌സാപ്പ് കൂട്ടായ്മകള്‍. ഇത്തരം കൂ്ട്ടായ്മകളും ഭാഗമായി നിരവധി ചന്തകള്‍ കേരളത്തിലങ്ങോളമിങ്ങോളം പുനര്‍ജ്ജിനിച്ചു കഴിഞ്ഞു. ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കുന്നതിലൂടെയാണ് ഒരു ജനതയുടെയും രാഷ്ട്രത്തിന്റെയും ഉയര്‍ച്ചയെന്ന് നമ്മെ പഠിപ്പിച്ച ഗാന്ധിജിയുടെ തന്നെ പ്രസ്ഥാനത്തിന്റെ ഭാഗമായി നമ്മുടെ തിരുവനന്തപുരത്തും ഒരു നാട്ടുചന്ത പുനര്‍ജ്ജിനിച്ചിരിക്കുന്നു. ഗാന്ധിപ്രസ്ഥാനത്തിന്റെ ഭാഗമായ തൈക്കാട് ഗാന്ധിഭവനില്‍ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുമണി വരെയാണ് ഈ വിപണി. 
 
2015 ന്റെ ആരംഭത്തില്‍ വളരെ ചെറിയ രീതിയില്‍ സ്വതന്ത്ര കൂട്ടായ്മയായാണ് വിപണിയുടെ തുടക്കം. അന്ന് വിപണിയിലെ അംഗങ്ങള്‍ വീട്ടിലുണ്ടാകുന്ന കുറച്ച് സാധനങ്ങള്‍ കൊണ്ടുവന്ന് വില്‍ക്കും. മാസത്തില്‍ ഒരിക്കലായിരുന്നു അന്ന് കൂടിയിരുന്നത്. പിന്നീട് സ്ഥിരം വിപണി എന്ന ആശയം വന്നതിന്റെ അടിസ്ഥാനത്തിലാണ് 2018 മാര്‍ച്ച് 26 ന് സ്വദേശി കാര്‍ഷക വിപണി തുടങ്ങിയത്. ഗാന്ധി സ്മാരകനിധി, തിരുവനന്തപുരം കര്‍ഷകക്കൂട്ടായ്മ, ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ അസോസിയേഷന്‍, ഫാം ജേര്‍ണലിസ്റ്റ് ഫോറം തുടങ്ങിയ നാല് സംഘടനകളാണ് സ്വദേശി കാര്‍ഷിക വിപണിയുടെ അമരക്കാര്‍. ജൈവരീതിയില്‍ കൃഷിചെയ്യുന്ന കര്‍ഷകരെ സഹായിക്കുക, ഏകോപിപ്പിക്കുക, എന്നുള്ളതാണ് സംഘടനയുടെ ഉദ്ദേശ്യം. 
 
തൈക്കാട് ഗാന്ധിഭവനില്‍ എല്ലാ ശനിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണി മുതലാണ് വിപണി തുടങ്ങുന്നതെങ്കിലും പന്ത്രണ്ട് മണിക്ക് മുന്‍പേ തന്നെ ആളുകള്‍ നിറയും. വിപണിയില്‍ വില്പനയ്ക്കായി കൊണ്ടുവരുന്നവ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യുന്നവയാകണമെന്ന് നിര്‍ബ്ബന്ധമുണ്ട്. പച്ചക്കറിയോടൊപ്പം വീട്ടില്‍ ഉണ്ടാക്കുന്ന സാധനങ്ങളും വിത്തും ഇവിടെ കൈമാറ്റം ചെയ്യുന്നുണ്ട്.  
 
ഈ കൂട്ടായ്മയില്‍ അംഗമാകുന്നതിനും ചില നിബന്ധനകളുണ്ട്. ആദ്യം, നിലവില്‍ ഗ്രൂപ്പില്‍ അംഗമായ ഒരാള്‍ പരിചയപ്പെടുത്താന്‍ ഉണ്ടാകണം. പിന്നീട് സ്വദേശി കാര്‍ഷക വിപണി തയ്യാറാക്കിയിട്ടുള്ള ഫോം പൂരിപ്പിച്ച് നല്‍കണം. അതില്‍ എത്ര സ്ഥലത്ത് കൃഷിചെയ്യുന്നു, എന്തെല്ലാം കൃഷിചെയ്യുന്നു എന്ന് രേഖപ്പെടുത്തണം. കൂടാതെ പൂര്‍ണ്ണമായും ജൈവരീതിയില്‍ കൃഷിചെയ്യുന്നവയാണ് തന്റെ പച്ചക്കറികളെന്ന് അംഗമായി ചേരുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. ഇത്രകൊണ്ടുമായില്ല, കര്‍ഷകക്കൂട്ടായ്മയിലെ ഏഴംഗ ഗവേണിംഗ് ബോഡിയിലെ അംഗങ്ങള്‍ ഗ്രൂപ്പില്‍ അംഗമാകുന്നവരുടെ വീട്ടില്‍ നേരിട്ട് ചെന്ന് പൂര്‍ണ്ണമായും ജൈവരീതിയിലാണ് കൃഷിയെന്ന് കണ്ട് ബോധ്യപ്പെടും. അതിനുശേഷം മാത്രമേ വിപണിയിലൂടെ പച്ചക്കറികള്‍ വില്‍ക്കാന്‍ അനുവദിക്കൂ. 
 
കൂട്ടായ്മയില്‍ അംഗമാകുന്നവര്‍ക്ക് അംഗത്വ നമ്പര്‍ നല്‍കും. സാധനങ്ങള്‍ വില്‍ക്കുമ്പോള്‍ ബില്ല് നിര്‍ബ്ബന്ധമായും കൊടുക്കണമെന്നതാണ് ഒരു നിയമം. ഈ ബില്ലില്‍ വില്‍ക്കുന്ന വ്യക്തിയുടെ അംഗത്വനമ്പര്‍കൂടി ഉള്‍പ്പെടുത്തണം. വാങ്ങുന്ന സാധനത്തിന് എന്തെങ്കിലും കേട് ഉണ്ടെങ്കില്‍ ഈ അംഗത്വ നമ്പര്‍ വച്ച് ആരുടെ കൈയില്‍ നിന്നാണ് സാധനം വാങ്ങിയതെന്ന് തിരിച്ചറിയാം. കേടായ സാധനത്തിന്റെയും ബില്ലിന്റെയും ഫോട്ടോ എടുത്ത് വാട്‌സാപ്പില്‍ അയച്ചാല്‍ ഗവേണിംഗ് ബോഡിയിലെ അംഗങ്ങള്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുകയും കേടായ വസ്തുവിന്റെ പണം തിരിച്ചു കൊടുക്കുകയും ചെയ്യും. ഉപഭോക്താവിന് പണം തിരിച്ച് നല്‍കേണ്ടി വരുന്ന കര്‍ഷകന്‍ പിന്നീടൊരിക്കലും കേടായ ഒരു സാധനം കൊണ്ടുവന്ന് വില്‍ക്കില്ല. അതിനുവേണ്ടിയാണ് ഇത്തരമൊരു സംവിധാനം ഉണ്ടാക്കിയത്. കൂട്ടായമയിലെ അംഗങ്ങളല്ലാത്ത, പുറത്തുനിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ബില്‍ബുക്കില്‍ ഉള്ള കര്‍ഷകക്കൂട്ടായ്മയുടെ ഫോണ്‍നമ്പറിലേക്കാണ് പരാതി അറിയിക്കേണ്ടത്. ബില്ലിന്റെ അംഗത്വനമ്പര്‍ ഏതാണെന്ന് വിളിച്ചു പറയുകയോ വാട്‌സാപ് അയക്കുകയോ ചെയ്താല്‍ മതിയാകും.
 
പൊതുവിപണിയേക്കാള്‍ മിക്കവാറും കുറഞ്ഞ വിലയ്ക്കാണ് ഇവിടെ സാധനങ്ങള്‍ വില്‍ക്കുന്നത്. ഗവേണിംഗ് ബോഡിയിലെ അംഗങ്ങളാണ് ഓരോ ആഴ്ചയിലെയും വിലനിലവാരം നിശ്ചയിക്കുന്നത്. ആ വിലപ്രകാരമാണ് വില്പന. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ന്യായമായ വില ലഭിക്കുന്ന രീതിയിലാണ് സാധനങ്ങളുടെ വില നിശ്ചയിക്കുന്നത്. പൊതുവിപണിയിലെ വില മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും ഈ വിപണിയില്‍ മിക്കപ്പോഴും ഒരേ വിലനിലവാരമാണ് പിന്തുടരുന്നത്. 
 
കൂട്ടായ്മയിലെ അംഗങ്ങള്‍ക്ക് ടെറസ് കൃഷി, അക്വാപോണിക്‌സ്, അടുക്കളത്തോട്ടം എന്നിവയിലും സംഘടന പരിശീലനവും കൊടുത്തുവരുന്നു. ജോലിയുള്ള വീട്ടമ്മമാര്‍ക്കും ജൈവരീതിയില്‍ കൃഷിചെയ്യാവുന്ന മാര്‍ഗ്ഗമാണ് പരിശീലനത്തിലൂടെ നല്‍കുന്നത്. വിഷരഹിതമായ ഭക്ഷണം ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതോടൊപ്പം സ്വന്തം കൃഷിയിടത്തില്‍ ഉണ്ടാകുന്ന വസ്തുക്കള്‍, വീട്ടാവശ്യം കഴിഞ്ഞ് ബാക്കി വരുന്നവ ഈ വിപണിയിലൂടെ വിറ്റഴിക്കാമെന്നും അതൊരു വരുമാനമാര്‍ഗ്ഗം കൂടി ആകുന്നു എന്നതുമാണ് ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ക്കുള്ള നേട്ടം. ഇടത്തട്ടുകാരുടെ ചൂഷണത്തില് നിന്നും എങ്ങനെ സ്വയം മോചിതരാകാം  എന്നതിന് ഉദാഹരണമാണ് മുടങ്ങാതെ ആഴ്ച തോറും നടന്നു വരുന്ന ഈ വിപണി. 
 
ഏകദേശം പത്തോളം പേര്‍ ഒരു പൈസ പോലും പ്രതിഫലം പറ്റാതെ വളണ്ടറിയായി ഇതിനുവേണ്ടി ജോലി ചെയ്യുന്നുണ്ട്. അതുതന്നെയാണ് ഈ സംഘടനയുടെ നട്ടെല്ല്. സ്വദേശി കാര്‍ഷക വിപണി വെറുമൊരു ചന്ത മാത്രമല്ല, ഒരു കുടുംബസംഗമത്തിന്റെ വേദികൂടിയാണ്. അതുകൊണ്ടുതന്നെയാണ് ഒരാഴ്ച വില്‍ക്കാന്‍ സാധനങ്ങള്‍ ഇല്ലെങ്കില്‍ കൂടിയും ഇവിടെ എത്തുന്നത്. ഭാവിയില്‍ വിപണി കൂടുതല്‍ ദിവസങ്ങളില്‍ നടത്താനും പദ്ധതിയുണ്ട്. 
 
 
തയ്യാറാക്കിയത്: ധന്യ. എം. ടി, കൃഷിജാഗരണ്‍ പ്രതിനിധി
 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *