സി.വി.ഷിബു.
പ്രളയം തകർത്തെറിഞ്ഞ സംസ്ഥാനത്തെ കാർഷിക മേഖലയെ പൂർവ്വ സ്ഥിയിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി കാർഷിക വകുപ്പിന്റെ നേതൃത്തിൽ സംസ്ഥാന വ്യാപകമായി 'പുനർജ്ജനി' എന്ന പദ്ധതി തുടങ്ങി. ചെങ്ങന്നൂരിൽ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. . തികച്ചും ശാസ്ത്രീയമായ സമീപനത്തിലൂടെ കാർഷിക മേഖലയുടെ പുന സൃഷ്ടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കാർഷിക പുനരുദ്ധാരണവും സന്നദ്ധ സേവനവും നടത്തുന്നത്. കാർഷിക സർവ്വകലാശാല വിദഗ്ദ്ധർ, കൃഷി ഉദ്യോഗസ്ഥർ, കസ്റ്റം ഹയറിംഗ് സെന്റർ, ഗ്രീൻ ആർമി, മണ്ണു പരിശോധനാ കേന്ദ്രം, തൊഴിൽ ഉറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ ഡോ. റീനാ മാത്യൂ മോഡറേറ്ററായി. ചെങ്ങന്നൂരിലെ എല്ലാ പഞ്ചായത്തിൽ നിന്നും തെരഞ്ഞെടുത്ത കർഷകരാണ് ഈ സെമിനാറിൽ പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിൽ ചെങ്ങന്നൂരിന്റെ എല്ലാ പ്രദേശങ്ങളിലും സ്വക്വാഡുകൾ എത്തി നിലം ഉൾപ്പെടെ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. ഇതിനായി നാൽപതോളം സ്‌ക്വാഡുകൾ തയ്യാറായി കഴിഞ്ഞു. ഇരുപത്തിയഞ്ചു പേർ അടങ്ങുന്നതാണ് ഒരു സ്‌ക്വാഡ്. അതത് കൃഷി ഓഫീസർമാർ നേരിട്ടെത്തി കർഷകരുമായി സംസാരിക്കും. കൃഷി ശാസ്ത്രജ്ഞരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തി ചെളി, എക്കൽ, തുടങ്ങി പ്രളയത്തിൽ മാലിന്യവും മറ്റു വസ്തുക്കളും അടിഞ്ഞു കൂടി കിടക്കുന്ന കൃഷി ഭൂമിയെ എങ്ങനെയൊക്കെ പുനർജ്ജീവിപ്പിച്ചെടുക്കാം എന്ന് വിലയിരുത്തും. പ്രളയം മൂലം മണ്ണിന്റെ ഘടന മാറിയിട്ടുണ്ടെങ്കിൽ അവിടെ യോജിക്കുന്ന തരത്തിലുള്ള വിളകൾ കൃഷി ചെയ്തെടുക്കും. ഗ്രാമപഞ്ചായത്തുകളുടേയും കൃഷി ഭവനുകളുടേയും സ്‌കീമുകളെ തമ്മിൽ യോജിപ്പിച്ച് ആവശ്യമായ രീതിയിലുള്ള പ്രവർത്തനങ്ങൾക്കും ഇതിലൂടെ തുടക്കം കുറിക്കും. പ്രളയത്തിനു ശേഷം വീണ്ടും കൃഷി പുനരാരംഭിക്കുമ്പോൾ അവയെ തികച്ചും പ്രകൃതിദത്തവും ജൈവവുമായ രീതിയിൽ വിളയിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ കർഷകനും തന്റെ വിളകൾക്ക് ഇൻഷുറൻസ് പരിരരക്ഷ ഉറപ്പാക്കണമെന്നും അതു വഴി കൃഷിയ്ക്ക് നാശനഷ്ടമുണ്ടായാലും മികച്ച നഷ്ടപരിഹാരം ഉറപ്പാക്കാമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കൃഷിയുമായി ബന്ധപ്പെട്ട ദീർഘകാല അടിസ്ഥാന പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനായി കൂടുതൽ തുക നൽകുമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂരിനെ തരിശ് രഹിത മണ്ഡലമാക്കി മാറ്റുന്നതിന്റെ ഭാഗമായി 344 ഹെക്ടർ സ്ഥലത്ത് പുതുതായി കൃഷി ആരംഭിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ പറഞ്ഞു. എലി നശീകരണത്തിനായുള്ള തീവ്രയജ്ഞ പരിപാടിയും പുനർജ്ജനിയുടെ ഭാഗമായി ചെങ്ങന്നൂരിൽ നടക്കുന്നു. ഇതിന്റെ ഭാഗമായി വെൺമണി ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും എലി നശീകരണ വസ്തുക്കൾ എത്തിക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി സുനിൽകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ലിജുകുമാറിന് എലി നശീകരണ വസ്തുക്കൾ നൽകി നിർവ്വഹിച്ചു. അസോസിയേഷൻ ഓഫ് അഗ്രികൾച്ചറൽ ഓഫീസേർസ് കേരളയാണ് എലി നശീകരണ വസ്തുക്കൾ വാങ്ങി നൽകിയത്.
Leave a Reply