കാര്‍ഷിക മേഖലയിലും വ്യവസായ യൂണിറ്റുകളിലും തോട്ടങ്ങളിലും കീടനാശിനിയും മറ്റ് മാരകമായ രാസപദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നവര്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ എ.ആര്.അജയകുമാര്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ സുരക്ഷാ സാമഗ്രികളായ മാസ്ക്, കയ്യുറ എന്നിവ ലഭ്യമാക്കാന്‍ ബന്ധപ്പെട്ടവര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന പാലിയേറ്റീവ് ജില്ലാതല മോണിറ്ററിംഗ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കീടനാശിനി ഉപയോഗിക്കുന്നവരില്‍ വലിയ തോതില്‍ രോഗബാധ കണ്ടുവരുന്നെന്ന ജില്ലാ സാന്ത്വന ചികിത്സാ സമിതിയുടെ വിലയിരുത്തലിന്റെ പാശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്. കിഡ്നി രോഗവും അര്‍ബുദവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ദ്ധിച്ചിട്ടുണ്ട്. സുരക്ഷാ മാനദ്ണ്ഡങ്ങളില്ലാതെയുള്ള രാസ പദാര്‍ത്ഥങ്ങളുടേയും കീടനാശിനികളുടേയും ഉപയോഗം ഇതിന് വേഗം കൂട്ടിയതായിട്ടാണ് വിലയിരുത്തല്‍.തോട്ടങ്ങളിലും കാര്‍ഷിക മേഖലയിലും വ്യവസായ യുണിറ്റുകളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെയാണ് രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് യോഗത്തിനെത്തിയവര്‍ സമിതിയെ അറിയിച്ചു. തദ്ദേശ ഭരണ സ്ഥാപന ഭാരവാഹികളുടേയും സിബിഒ (കമ്മ്യൂണിറ്റി ബേസ്ഡ് ഓര്ഗനൈസേഷന്) പ്രതിനിധികളുടേയും യോഗം വിളിച്ച് സാന്ത്വന ചികിത്സാ പ്രവര്‍ത്തകര്‍ക്ക് ആരോഗ്യ വകുപ്പ് അനുവദിച്ചിരുന്ന സൗകര്യങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തുടര്‍ന്നും നല്കാന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
പഞ്ചായത്ത് തല കാര്‍ഷിക സമിതികള്‍, തൊഴിലാളികള്‍ കീടനാശിനികള്‍ ഉപയോഗിക്കുമ്പോള്‍ പ്രതിരോധ മുന്കരുതലെടുക്കുന്നതിനെക്കുറിച്ച് ബോധവത്ക്കരണം നടത്തണം. പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരില്ലാത്തതിനാല്‍ സേവനം മുടങ്ങിക്കിടക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. നല്ലൂര്‍നാട് ക്യാന്‍സര്‍ സെന്റര്‍ നവീകരിക്കുന്നതിന് വിശദമായ പദ്ധതി രൂപരേഖ സമിര്പ്പിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഒക്ടോബര്‍ 27 ന് രാവിലെ 10 ന് ജില്ലാ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രി, സ്വകാര്യ ആശുപത്രി സൂപ്രണ്ടുമാരുടേയും, ഡയാലിസിസ് കേന്ദ്ര ഭാരവാഹികളുടേയും കമ്മ്യൂണിറ്റി പാലിയേറ്റീവ് പ്രവര്‍ത്തകരുടേയും യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, ജില്ലാ പഞ്ചായത്ത് അംഗം എ. ദേവകി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര് രേണുക, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ നൂന മര്‍ജ്ജ, ഡിപിഎം ഡോ. ബി.അഭിലാഷ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, സാന്തന ചികിത്സാ പ്രവര്‍ത്തകരായ ഗഫൂര്‍ താനേരി, എം. വേലായുധന്, അസൈനാര്‍, ജോബി ഫ്രാന്‍സിസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
Leave a Reply