Wednesday, 29th September 2021
 
സി.വി.ഷിബു.
കൽപ്പറ്റ: അന്താരാഷ്ട്ര കാപ്പി ദിനമായ ഒക്ടോബർ ഒന്നിന് കൽപ്പറ്റയിൽ വിപുലമായ രീതിയിൽ ദിനാചരണ പരിപാടികൾ നടത്തുമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കർഷകരും സംരംഭകരും തൊഴിലന്വേഷകരും അടുക്കളക്കാരികളുമായ സ്ത്രീകളെ കാപ്പിയുടെ   ഉല്പാദനം മുതൽ ഉപയോഗം വരെ കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ  കാപ്പിയിൽ സ്ത്രീകൾ  എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര കോഫി ദിനത്തിന്റെ വിഷയം.കോഫി ബോർഡ്, വികാസ് പീഡിയ, കൃഷി ജാഗരൺ, അഗ്രി കൾച്ചർ വേൾഡ്, തുടങ്ങിയവയുടെ സഹകരണത്തോടെ  നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന കാർഷികോൽപ്പാദന കമ്പനിയായ വേവിൻ പ്രൊഡ്യൂസർ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.തിങ്കളാഴ്ച  രാവിലെ പത്ത് മണി മുതൽ കൽപ്പറ്റ ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ   താൽപ്പര്യമുള്ള ആർക്കും പങ്കെടുക്കാം. സ്ത്രീകളും കാപ്പിയും  എന്ന വിഷയത്തിൽ കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ   ഡോ.. വിജയ ലക്ഷ്മി മുഖ്യ പ്രഭാഷണം നടത്തും.  കഴിഞ്ഞ വർഷം കോഫി ബോർഡിന്റെ  ഫ്ളേവർ ഓഫ് ഇന്ത്യ ഫൈൻ കപ് അവാർഡ് നേടിയ ചെറുകിട കാപ്പി കർഷക മാനന്തവാടി പുതിയിടം ജ്വാലിനി നേമചന്ദ്രൻ  ,ഒന്നര പതിറ്റായി കാപ്പിയിൽ ചെറുകിട സംരംഭം നടത്തി വരുന്ന മക്കിയാട് പ്രണവം കോഫി സെന്ററിലെ മേച്ചിലാട്ട് എൻ.കെ. രമാദേവി എന്നിവരെ ചടങ്ങിൽ ആദരിക്കും.  വേവിൻ പ്രൊഡ്യുസർ കമ്പനി പുറത്തിറക്കിയ റോബസ്റ്റയും അറബിക്കയും  ബ്ലെൻഡ് ചെയ്ത  ഫിൽറ്റർ കോഫിയായ വിൻകോഫിക്ക്  വിപണിയിൽ നല്ല പ്രതികരണമാണന്ന് ഇവർ പറഞ്ഞു.
വിവിധയിനം കാപ്പിയുടെ പ്രദർശനവും വ്യത്യസ്തയിനം കാപ്പി രുചിക്കാനുള്ള അവസരവും ഉണ്ടാകുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത  കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കറുത്ത മണി, വേവിൻ കമ്പനി ചെയർമാൻ എം.കെ. ദേവസ്യ,   സി.ഇ.ഒ. കെ. രാജേഷ്, വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു എന്നിവർ പറഞ്ഞു. കടാശ്വാസം ഉൾപ്പടെ
കാപ്പി കർഷകർക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന നിവേദനത്തിനുള്ള ഒപ്പു ശേഖരത്തിനും അന്ന് തുടക്കം കുറിക്കും. രജിസ്ട്രേഷന്  
8943387378, 9539647273 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
 
            ജപ്പാന്‍ കോഫി അസോസിയേഷന്റെ നേതൃത്വത്തില്‍  1983 ല്‍ ആദ്യമായി ജപ്പാനില്‍  ദേശീയ കാപ്പിദിനം ആചരിച്ചു. ഇതോടെയാണ് കാപ്പിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ശ്രദ്ധ ലഭിച്ചത്. 1997 ല്‍ ചൈനയില്‍ അന്തര്‍ദേശീയ കാപ്പിദിനം ആചരിക്കപ്പെട്ടു. 2005 നവംബര്‍ 17 ന് നേപ്പാളിലും 2006 ഓഗസ്റ്റ് 17 ന് ഇന്തോനേഷ്യയിലും ദേശീയ കാപ്പിദിനം ആഘോഷിച്ചു. ജര്‍മ്മനിയില്‍ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ ആദ്യ ശനിയാഴ്ചയാണ് കാപ്പിദിനം. എന്നാല്‍ കോസ്റ്റാറിക്കയില്‍ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടാം വെള്ളിയാഴ്ചയാണ് കാപ്പിദിനം. അയര്‍ലന്റില്‍ സെപ്റ്റംബര്‍ 18, മംഗോളിയ സെപ്റ്റംബര്‍ 20, സ്വിറ്റ്‌സര്‍ലന്റ് സെപ്റ്റംബര്‍ 28 എന്നിങ്ങനെയാണ് കാപ്പിദിന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ തുടങ്ങി 24 രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 24 നാണ് ദേശീയ കാപ്പിദിനം. ജപ്പാനിലും ശ്രീലങ്കയിലും ഒക്‌ടോബര്‍ 1 ന് ദേശീയതലത്തില്‍  കാപ്പിദിനം സംഘടിപ്പിച്ചു വരുന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് 3 മുതല്‍ 7 വരെ മിലാനില്‍  ചേര്‍ന്ന ഇന്റര്‍നാഷണല്‍ കോഫി ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് 2015 മുതല്‍ ഒക്‌ടോബര്‍ 1 ന് ആഗോളതലത്തില്‍ കാപ്പിദിനം ആചരിക്കാന്‍ തീരുമാനം എടുത്തത്. ഈ വര്‍ഷം നടക്കുന്ന മൂന്നാമത്തെ ആഗോള കാപ്പിദിനാചരണ പരിപാടിയില്‍ ഓര്‍ഗനൈസേഷന്റെ 77 അംഗ രാജ്യങ്ങളും ഡസന്‍ കണക്കിന് കോഫി അസോസിയേഷനും പങ്കാളികളാകുന്നു.  2011 മുതല്‍ ന്യൂ ഇംഗ്ലണ്ട്  കോഫി ലവേഴ്‌സ് എന്ന സംഘടന ഓഗസ്റ്റ് മാസം ദേശീയ കാപ്പി മാസമായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്റർ നാഷണല്‍ കോഫി ഓർഗനൈ സിയേഷന്റെ നേതൃത്വത്തിലാണ് ഇപ്പോൾ എല്ലാ രാജ്യങ്ങളിലും ഒക്ടോബർ ഒന്ന് അന്താരാഷ്ട്ര കാപ്പി ദിനമായി ആചരിച്ചു വരുന്നത്. 
    ഇന്ത്യയിലെ കാപ്പി ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം കര്‍ണ്ണാടകയാണ്. രാജ്യത്തെ 70 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നതും  കര്‍ണ്ണാടകയാണ്. ഒരു ഹെക്ടറില്‍ 1000 കിലോഗ്രാം കാപ്പി ഉത്പാദിപ്പിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വര്‍ഷം 2.33 ലക്ഷം മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. റോബസ്റ്റയാണ് കൃഷിയിലെ പ്രധാന ഇനം. കര്‍ണ്ണാടക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. വയനാടും തിരുവിതാംകൂറുമാണ് പ്രധാന ഉത്പാദകര്‍. കേരളത്തിലെ 95 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാടാണ്. ഒരു ഹെക്ടറിലെ വിളവ് 790 കിലോ ഗ്രാമാണ്. ഒരു വര്‍ഷം  67700 മെട്രിക് ടണ്‍ കാപ്പിയാണ് വിളവെടുക്കുന്നത്. കേരളത്തിലെയും പ്രധാന കൃഷിയിനം റോബസ്റ്റ തന്നെയാണ്. 67462 ഹെക്ടർ സ്ഥലത്താണ്  വയനാട്ടിൽ കാപ്പികൃഷി . വയനാട്ടിൽ നിലവിൽ അറുപതിനായിരം കാപ്പി കർഷകരാണുള്ളത്.
ഇത്തവണ കനത്ത മഴയും പ്രളയവും കാരണം ഇരുപത്  ശതമാനം  മുതൽ മുപ്പത് ശതമാനം  വരെ ഉല്പാദനം കുറയും. 24 ശതമാനത്തിന്റെ ഉല്പാദന കുറവാണ് ശരാശരി പ്രതീക്ഷിക്കുന്നതെന്ന് കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ: കറുത്ത മണി പറഞ്ഞു.
കാപ്പി കർഷകരെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് വേണമെന്ന്  കർഷകർ ആവശ്യപ്പെട്ടു. 
കാപ്പി ഉത്പാദനത്തില്‍ മൂന്നാം സ്ഥാനം തമിഴ്‌നാടിനാണ്. അറബിക്ക, റോബസ്റ്റ ഇനത്തില്‍പ്പെട്ട കാപ്പികള്‍ കൃഷിചെയ്യുന്ന തമിഴ്‌നാട്ടില്‍ ഒരു വര്‍ഷം 17875 മെട്രിക് ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്.  കാപ്പിക്കുരു വിറ്റ് പണം നേടുക എന്നതിനുപരിയായി കാപ്പിയില്‍ നിന്നും കാപ്പിപ്പൊടി ഉത്പാദിപ്പിച്ച് വിപണനം ചെയ്യുക, റോസ്റ്റ് ചെയ്ത കാപ്പിക്കുരു വില്‍ക്കുക, റബ്ബറില്‍ ഇടവിളയായി കാപ്പി കൃഷി ചെയ്യുക തുടങ്ങിയ പരീക്ഷണങ്ങളിലൂടെയാണ് ഇന്നത്തെ തലമുറയിലെ കര്‍ഷകര്‍ മുന്നോട്ടു പോകുന്നത്.  ഗുണമേന്‍മയില്‍ ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ തയ്യാറാക്കുന്ന കാപ്പിക്കുരുവിനും പൊടിക്കും ആഭ്യന്തരവിപണിയിലെന്നപോലെ വിദേശ വിപണിയിലും വന്‍ ഡിമാന്‍ഡാണുള്ളത്. ഇതു തിരിച്ചറിഞ്ഞ് ഏറ്റവും മികച്ച ഇനം കാപ്പി വിപണിയില്‍ ലഭ്യമാക്കാന്‍ മിക്ക കര്‍ഷകരും തന്നെ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ കാപ്പി ഉത്പാദനത്തില്‍ മുന്നിലുള്ള വയനാട് വിദേശ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണെന്നതും കാപ്പിയുടെ  വിപണന സാധ്യത കൂട്ടുന്നുണ്ട്.  കാപ്പിയുടെ സാധ്യതകളെക്കുറിച്ച് ഇനിയും അറിഞ്ഞിട്ടില്ലാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കൊരു മുതല്‍ക്കൂട്ടുകൂടിയാണ് കോഫീ ഡേ ദിനാചരണം.  വേവിൻ പ്രൊഡ്യുസർ കമ്പനി പുറത്തിറക്കിയ റോബസ്റ്റയും അറബിക്കയും  ബ്ലെൻഡ് ചെയ്ത  ഫിൽറ്റർ കോഫിയായ വിൻകോഫിക്ക്  വിപണിയിൽ നല്ല പ്രതികരണമാണ്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *