ബ്രസീൽ സമയം 3ആം തീയതി പുലർച്ചെ 1.30നു ബലേമിൽ ഇറങ്ങി. ബാഗ് എല്ലാം collect ചെയ്തു പുറത്തിറങ്ങി ഉടനെ ഞങ്ങളുടെ ആതിഥേയനായ ഷാജി തോമസിനെ കണ്ടു. കൂടെ ഒരു സർദാർജിയും ഉണ്ട്. ഷാജി തോമസിനെ കണ്ടുപിടിക്കാൻ ഒരു വിഷമവും വന്നില്ല. സർദാർജിക്ക് ഇവിടെ കൊക്കോ കൃഷിയാണ്. പുള്ളിയുടെ ഭാര്യ നാട്ടിൽ നിന്ന് വരുന്നുണ്ട്. അവരെ സ്വീകരിക്കാൻ വന്നതാണ്. സര്ദാര്ജിയോട് യാത്ര പറഞ്ഞു ഷാജി തോമസിന്റെ കാറിൽ നേരെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ബലേമിൽ വളരെ കുറച്ചു ഇന്ത്യക്കാരെ ഉള്ളൂ. മലയാളികൾ നന്നേ കുറവ്.
വിമാനത്താവളത്തിൽ നിന്നും 3 കിലോമീറ്റർ ദൂരമേ വീട്ടിലേക്കുള്ളൂ. ഭാര്യയും രണ്ടു മക്കളും ഒന്നിച്ചാണ് താമസം. പുള്ളി ഇവിടെ വന്നിട്ട് 30 വർഷമായി. മൈസൂർ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് intershipനായാണ് ആദ്യം വന്നത്. പിന്നെ ഇവിടത്തെ പൗരത്വം സ്വീകരിച്ചു താമസമാക്കി. യോഗ പഠിപ്പിക്കാൻ ആദ്യകാലങ്ങളിൽ പോയിരുന്നു. അതിനിടക്കാണ് ബ്രസീലുകാരിയായ ഏലി ചേച്ചിയെ കണ്ടതും ഇഷ്ടപ്പെട്ട് കല്യാണം കഴിച്ചതും. ഏലി ചേച്ചി ഇവിടെ attorney ആയി ജോലി ചെയ്യുന്നു. ഇളയ കുട്ടിക്ക് 10 മാസം ആയതെ ഉള്ളൂ. അതുകൊണ്ട് ലീവ് എടുത്തിരിക്കുകയാണ്. റൂമിൽ പോയി ഫ്രഷ് ആയി ഉറങ്ങാൻ കിടന്നു. പുലർച്ചെ 3 മണിയായി. എങ്കിലും എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ എന്റെ biological clock അനുവദിക്കുന്നില്ല. നാട്ടിൽ ഇപ്പോൾ വൈകീട്ട് 8 മണി ആവുന്നതെ ഉണ്ടാവൂ. സ്ഥിരമായി ഉറങ്ങുന്ന സമയം ആവുന്നതെ ഉള്ളൂ. ബ്രസീലിലെ സമയവുമായി പൊരുത്തപ്പെടാൻ സമയം എടുക്കും.
അല്പസമയതെ വിശ്രമത്തിനു ശേഷം കുളിച്ചു ഫ്രഷായി. രാവിലത്തെ ഭക്ഷണം കപ്പപ്പൊടികൊണ്ടുള്ള അപ്പമാണ്. കപ്പ കേരളത്തിലേത് പോലെ ഇവിടത്തെയും പ്രധാന വിഭവമാണ്. കേരളത്തിൽ 1800 കളിൽ ക്ഷാമമുണ്ടായപ്പോൾ പോർച്ചുഗീസുകാരാണ് നമ്മുടെ നാട്ടിൽ കപ്പ കൃഷി ചെയ്തു തുടങ്ങിയത്. അതു പിന്നീട് കേരളീയരുടെ ഇഷ്ടഭക്ഷണമായി മാറി. ഇവിടെ കപ്പ ചതച്ചു പൊടിയാക്കിയാണ് ഉപയോഗിക്കുന്നത്. എന്തായാലും കപ്പ കൊണ്ടുള്ള അപ്പം ഗംഭീരം.
ഇവിടെ വീട്ടിനു പുറത്തുള്ള തോട്ടത്തിൽ കേരളത്തിലെ പല ചെടികളും ഉണ്ട്. ഓരോ കേരളത്തിലേക്കുള്ള യാത്ര കഴിഞ്ഞു വരുമ്പോഴും ഷാജി തോമസ് കൊണ്ടുവരുന്നതാണ് അവ. നമ്മുടെ മുരിങ്ങ മുതൽ വീട്ടിനു മുൻപിൽ തല ഉയർത്തിനിൽക്കുന്ന വലിയ പന വരെ അതിൽ പെടും.
അസായ് പ്ലാന്റ്: വീട്ടുമുറ്റത്തുള്ള മറ്റൊരു മരമാണ് അസായ്. കേരളീയർക്ക് തെങ്ങു പോലെയാണ് ബ്രസീലിലുള്ളവർക്ക് അസായ്. ഇതിന്റെ കായയിലെ പൾപ്പ് എടുത്തു പല വിഭവങ്ങളും ഇവർ ഉണ്ടാക്കും. ഭൂരിഭാഗം പേരുടെയും പ്രധാന ഭക്ഷണം അസായ് മരത്തിന്റെ കായ കൊണ്ടുണ്ടാക്കുന്നതാണ്.
കഷാസ
പ്രാതലിന് ശേഷം കഷാസ എന്നൊരു നാടൻ പാനീയം രുചിക്കുകയുണ്ടായി. ഇതു കുടിച്ചു കഴിഞ്ഞാൽ നാവിന്മേലും ചുണ്ടിന്മേലും കുറച്ചു നേരത്തേക്ക് കരണ്ടടിച്ചത് പോലെ ഒരു കിരുകിരുപ്പാണ്. ഒരു പുതിയ രുചിയായിരുന്നു അത്.
തലേദിവസത്തെ ഉറക്കം ശരിയാവാത്തതുകൊണ്ടു അല്പ നേരം വിശ്രമിച്ചു. ഉച്ചക്ക് ശേഷം അടുത്തുള്ള മാർക്കറ്റിൽ പോവേണ്ടതുണ്ട്.
ഉച്ചഭക്ഷണം: മീനും വേവിച്ച പച്ചക്കറികൾ കൊണ്ടുള്ള സലാഡും പായറുകറിയും ചോറും ആയിരുന്നു വിഭവങ്ങൾ.
ഉച്ചഭക്ഷണത്തിന് ശേഷം അടുത്തുള്ള മാർക്കെറ്റായ ‘വേറൊ പെസോ’യിലേക്ക് പോയി. ഷാജി ചേട്ടനും ഏലി ചേച്ചിയും മകൾ സോഫിയയും രാമേട്ടനും കൂടെയുണ്ട്. 350 വർഷങ്ങൾ പഴക്കമുള്ളതാണ് ഈ മാർക്കറ്റ്. ഇറച്ചി, മീൻ, പച്ചക്കറികൾ, റിവർ ബിയർ, ആഭരണങ്ങൾ തുടങ്ങി ഒരുപാട് സാധനങ്ങൾ ഇവിടുണ്ട്. പഴയ കാലത്തെ ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു തുറമുഖം കൂടിയായ വേറൊ പെസോ. പക്ഷെ റബ്ബറിന്റെ കയറ്റുമതി കുറഞ്ഞത് തുറമുഖത്തിന്റെ പ്രൗഡിയെ ബാധിച്ചു. തുറമുഖത്തിന്റെ ഒരു ഭാഗം ഇന്ന് പഴയ തനിമ നിലനിർത്തിക്കൊണ്ട് തന്നെ മാർക്കറ്റിലേക്ക് ചേർത്തിട്ടുണ്ട്. ഏതാനും മണിക്കൂറുകൾ ഞങ്ങൾ മാർക്കറ്റിൽ ചിലവഴിച്ചു.
വൈകീട്ട് വീട്ടിൽ തിരിച്ചെത്തിയ ശേഷം ഏലി ചേച്ചിയുടെയും ഷാജി ചേട്ടന്റെയും കൂടെ ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു. ഇവരുടെ അഭിപ്രായത്തിൽ ബലേം നഗരത്തിലെ ജീവിതം ഒട്ടും സുരക്ഷിതമല്ല. കഴിഞ്ഞ മാസം മാത്രം 7 പോലീസുകാരാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ ഭയമാണ്. തോക്കു ചൂണ്ടി കൊള്ള നടത്തുന്നത് ഇവിടെ നിത്യ സംഭവം ആണത്രേ. കേരളത്തിലെ താമസിച്ചതിന്റെ അനുഭവം വളരെ സന്തോഷത്തോടെയാണ് ഏലി ചേച്ചി ഓർത്തെടുത്. ഇത്രയേറെ സമാധാനത്തോടെയും സ്വാതന്ത്ര്യത്തോടെയും പുറത്തിറങ്ങി നടക്കാൻ പറ്റുന്ന സ്ഥലം വേറെയില്ല എന്നാണ് ഏലി ചേച്ചിയുടെ അഭിപ്രായം. ബലേമിൽ ആരും പുറത്തിറങ്ങുമ്പോൾ സ്വർണാഭരണം ധരിക്കാറില്ല. മൊബൈൽ ഫോൺ പുറത്തെടുക്കാറില്ല, വാച്ച് കെട്ടാറില്ല. അധികം പണം കൈയിൽ എടുക്കാറില്ല. ഗ്രാമങ്ങളിൽ ഒന്നും പൊലീസുകാർ ഒട്ടും തന്നെയില്ല. നഗരങ്ങളിൽ കവർച്ചയും കൊലയും നടത്തുന്നവർ ഗ്രാമങ്ങളിലേക്ക് സുരക്ഷിതമായി രക്ഷപ്പെടാൻ ഇതിടയാക്കുന്നു.
05/08/18
സൗഷുവാ ദേ പൊൻദ (Sao Jao de Ponta) എന്ന ഗ്രാമത്തിലേക്കാണ് ഇന്നത്തെ യാത്ര. രാവിലെ 5.30 നു തന്നെ രാമേട്ടനും ഷാജി ചേട്ടനും ഞാനും കാറിൽ യാത്ര തുടങ്ങി. ട്രാഫിക് കുരുക്കിൽ കുടുങ്ങാതെ 250 കിലോമീറ്റർ യാത്ര ചെയ്ത് 8.30 നു തുടങ്ങുന്ന ഒരു പരിപാടിയിൽ എത്തിച്ചേരേണ്ടതുണ്ട്. ബലേമും മറ്റു ചെറുപട്ടണങ്ങളും പിന്നിട്ടു കൃത്യ സമയത്തു തന്നെ ഞങ്ങൾ സൗഷുവയിൽ എത്തി.
ഇതൊരു പഞ്ചായത്ത് ആണ്. നമ്മുടെ നാട്ടിൽ പഞ്ചായത്തിൽ വാർഡുകൾ ഉള്ള പോലെ ഇവിടെ 24 കമ്മ്യൂണിറ്റികൾ ഉണ്ട്. ഞണ്ട് പിടിത്തമാണ് ഈ ഗ്രാമത്തിൽ ഉള്ളവരുടെ പ്രധാന വരുമാന മാർഗം. ബ്രസീലിയൻ സർക്കാരിന്റെ ഒരു തീരുമാനം ഇവരുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. അതു ചർച്ച ചെയ്യാൻ ഓരോ കമ്മ്യൂണിറ്റിയിലെയും കുറഞ്ഞത് രണ്ടു പേർ വീതം ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. തദ്ദേശീയമായ ഞണ്ട് പിടിത്ത രീതി കേന്ദ്ര സർക്കാർ നിരോധിക്കുകയുണ്ടായി. കുടുക്ക് ഉപയോഗിക്കാതെ കൈകൊണ്ടു ഞണ്ടിനെ പിടിക്കണം എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ ഒന്നും രണ്ടും മീറ്റർ താഴെയുള്ള പൊത്തിൽ കൈയിട്ട് ഞണ്ടിനെ പിടിക്കുക എന്നത് അസംഭവ്യം ആണെന്ന് നാട്ടുകാർ പറയുന്നു. തദ്ദേശീയ ജീവിതരീതിയെപ്പറ്റി അല്പം പോലും അറിയാത്തവർ ആണ് നിയമം കൊണ്ടുവന്നതെന്ന് വ്യക്തം. സംസ്ഥാന സർക്കാർ പ്രതിനിധിയായി പാര സംസ്ഥാനത്തിലെ മത്സ്യബന്ധന വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി പാട്രിക്കും വന്നിട്ടുണ്ട്. നമ്മുടെ സങ്കൽപ്പത്തിലെ മന്ത്രിയുമായി ഒട്ടും യോജിച്ചു പോവുന്നതല്ല ഇവിടുത്തെ മന്ത്രിയുടെ രൂപം. ഞങ്ങൾക്ക് മുൻപേ അദ്ദേഹം ഇവിടെയെത്തി. 35ൽ താഴെ പ്രായമേ ഉണ്ടാവൂ. ഒരു അംഗരക്ഷകൻ പോലും കൂടിയില്ല. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ നാട്ടുകാർക്ക് ഒപ്പമാണ്. തദ്ദേശീയ, പരമ്പരാഗത കമ്മ്യൂണിറ്റികൾക്ക് മാത്രമായി കുടുക്ക് വെച്ചു ഞണ്ടിനെ പിടിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണം എന്നതാണ് യോഗത്തിൽ പങ്കെടുക്കുന്ന എല്ലാവരുടെയും ആവശ്യം. ഇവർക്ക് വേണ്ട നിയമ സഹായം നൽകുന്നത് ഞങ്ങളുടെ ആതിഥേയനായ ഷാജി തോമസാണ്. ഒരു മലയാളി ഇവിടെ വന്നു താമസമാക്കി ഇവിടത്തുകാരായ ജനങ്ങളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നറിയുന്നതിൽ പരം സന്തോഷം വേറെന്തുണ്ട്. പ്രോഗ്രാമിനിടെ എന്നെയും രാമേട്ടനെയും സംസാരിക്കാൻ ക്ഷണിച്ചു. സംഘടിച്ചു ശക്തരാകേണ്ടതിന്റെ പ്രാധാന്യത്തെയും തദ്ദേശ ജനവിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ചും സംസാരിച്ചു. പോർച്ചുഗീസിലേക്ക് ഷാജി ചേട്ടൻ തർജ്ജമ ചെയ്തപ്പോൾ കൈയ്യടികളോടെയാണ് ഞങ്ങളെ ഈ നാട്ടുകാർ അഭിനന്ദിച്ചത്. ഇവിടെ ഏത് മീറ്റിങ്ങുകൾ ആണെങ്കിലും സംഗീതവും നൃത്തവും നിർബന്ധമാണ്. പ്രായമായ അപ്പൂപ്പന്മാരും അമ്മൂമ്മമാരും പാട്ടിനനുസരിച്ചു ചുവടുകൾ വെക്കുന്നു. പരിപാടിയുടെ തുടക്കത്തിലും ഒടുക്കത്തിലും പാട്ടും നൃത്തവും ഉണ്ട്. ഈ പ്രശ്നങ്ങൾക്കിടയിലും ഇവർ ആഘോഷിക്കാൻ സമയം കണ്ടെത്തുന്നു. ഇതൊക്കെ കാണുമ്പോൾ നമ്മൾ മലയാളികൾ ജീവിക്കാൻ മറന്നു പോവുന്നുണ്ടോ എന്നൊരു സംശയം.
ഉച്ച ഭക്ഷണം ഞണ്ടിനെ പുഴുങ്ങിയതാണ്. ഇവിടത്തെ രീതി അനുസരിച്ച്, ഞണ്ടോ മീനോ പ്രധാന ഭക്ഷണമായിരിക്കും, ചോറോ കപ്പപ്പൊടിയോ മേമ്പൊടിക്ക് മാത്രം. കേരളത്തിലെ രീതിക്ക് നേർ വിപരീതം. സമയം അധികമില്ലാത്തതുകൊണ്ട് ഞണ്ടിനെ കഴിക്കാൻ നിന്നില്ല. ഉച്ച ഭക്ഷണത്തിന് ശേഷം ഞങ്ങളവിടെ നിന്നിറങ്ങി.
ഏലി ചേച്ചിയുടെ സ്വദേശമായ സൗഷുവാ ദേ റാമൂസ് എന്ന ഗ്രാമത്തിലേക്കാണ് അടുത്ത യാത്ര. 150 കിലോമീറ്ററുകൾ ആമസോൺ കാടുകൾക്കിടയിലൂടെ ഉള്ള വഴിയിലൂടെ സഞ്ചരിച്ചു ഒരു ഗ്രാമത്തിലെത്തി. റാമൂസിലേക്ക് ഇവിടെ നിന്നും ബോട്ടിൽ പോവണം. ഈ ഗ്രാമത്തിലെ പള്ളിയിലെ പെരുന്നാളാണ് ഇന്നലെയും ഇന്നും. അതുകൊണ്ടു ഇവിടെയുള്ള ബന്ധുക്കളുടെ കൂടെ ആഘോഷിക്കാൻ ഏലി ചേച്ചിയുടെ അച്ഛനും അമ്മയും ഇവിടെയുണ്ട്. അവരുടെ ബന്ധുവിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. തണുപ്പിച്ച ഇളനീർ തന്നു അവർ ഞങ്ങളെ സ്വീകരിച്ചു. നാട്ടിലെ കരിക്കിൻ വെള്ളത്തിന്റെ അതേ രുചി. പെരുന്നാൾ ആയതുകൊണ്ട് മിക്കവരും രാവിലെ മുതൽ ബിയർ കുടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും വന്നു കെട്ടിപിടിക്കുകയും പോർച്ചുഗീസ് ഭാഷയിൽ കുശാലാന്വേഷണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. ഞാനും വിട്ടുകൊടുത്തില്ല. നല്ല മലയാളത്തിൽ അവരോടും സംസാരിച്ചു. അൽപ സമയത്തിനുള്ളിൽ ഞങ്ങൾക്ക് പോവാനുള്ള ബോട്ട് റെഡിയായി. ആമസോണിലെ ഒരു കൈവഴിയിലൂടെയാണ് പോവേണ്ടത്. 200 കിലോമീറ്ററുകളോളം വീതിയുണ്ട് ആമസോണിന്. അതിന്റെ ഒരു ചെറുഭാഗം മാത്രമാണ് ഇത്. ഇവിടെയും അറ്റ്ലാന്റിക് സമുദ്രവുമായി ഈ നദി ബന്ധപ്പെട്ടു കിടക്കുന്നു. ബോട്ടിൽ നിന്നാൽ ദൂരെ അറ്റ്ലാന്റിക് സമുദ്രം കാണാം. ഒരു മണിക്കൂർ കണ്ടൽ കാടുകൾക്കിടയിലൂടെയുള്ള ബോട്ട് യാത്രക്ക് ശേഷം സൗ ഷുവാ ദേ റാമൂസിൽ എത്തി.
1932 ൽ ഒന്നാം ലോകമഹായുദ്ധകാലത്തു ഇറ്റലിയിൽ നിന്നും രക്ഷപ്പെട്ടു വന്ന ഒരു കുടുംബമാണ് ഈ ഗ്രാമം സ്ഥാപിച്ചത്. ഇവിടെ ഇന്ന് 30 കുടുംബങ്ങൾ ഉണ്ട്. എല്ലാം ആ ഇറ്റലിക്കാരുടെ പിൻഗാമികൾ. പിന്നീട് പലരും തദ്ദേശീയരോടും ആഫ്രിക്കക്കാരോടും യൂറോപ്പ്കാരോടും വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. ബ്രസീൽ കുടിയേറ്റക്കാരുടെ നാടാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വന്നു പലപ്പോഴായി ഇവിടെ താമസം തുടങ്ങിയവരാണ് എല്ലാവരും. അതിൽ ആദ്യം വന്നവരെ തദ്ദേശീയർ എന്നു വിളിക്കുന്നു.
ആമസോണിൽ പുതിയ ദ്വീപുകൾ ഉണ്ടാവുന്നതും പഴയത് ഇല്ലാതാവുന്നതും സ്വാഭാവികമാണ്. ഷാജിച്ചേട്ടന്റെ അഭിപ്രായത്തിൽ ഈ ദ്വീപ് ഒരു 50 കൊല്ലം കൂടിയേ നിൽക്കുകയുള്ളൂ. മണ്ണിടിച്ചിൽ പല ഭാഗത്തും ഉണ്ട്. ആര്യവേപ്പ് ദ്വീപിന്റെ പല ഭാഗത്തും ഉണ്ട്. 1989ൽ കേരളത്തിൽ നിന്ന് ആദ്യമായി ആര്യവേപ്പ് ബ്രസീലിലേക്ക് കൊണ്ടുവന്നത് ഷാജി തോമസ് ആണ്. ഇന്ന് റിയോ, ബ്രസീലിയ, സാവോ പോളോ എന്നിങ്ങനെ ബ്രസീലിന്റെ പല ഭാഗത്തും വെപ്പ് മരം കാണാം. മുരിങ്ങക്കും അതേ കഥയാണ് പറയാനുള്ളത്.
കാപ്പിയും ബിസ്ക്കറ്റും അവരുടെ തോട്ടത്തിൽ നിന്നും തന്നെയുള്ള ഓറഞ്ച് കൊണ്ടുള്ള ജ്യൂസും തന്നാണ് ഏലി ചേച്ചിയുടെ അച്ഛനും അമ്മയും ഞങ്ങളെ സ്വീകരിച്ചത്. ഇവിടെ ആരും ചായ കുടിക്കറില്ല. കാപ്പിയാണ് പ്രധാന പാനീയം.
ഇവിടെ എല്ലാ ഗ്രാമങ്ങളിലും ഒരു ഫുട്ബാൾ ക്ലബ് എങ്കിലും ഉണ്ടാവും. ഈ ദ്വീപിനും ഉണ്ട് ഒന്ന്. എല്ലാ ക്ലബുകൾക്കും സ്വന്തമായി ഫുട്ബാൾ മൈതാനങ്ങളും കെട്ടിടങ്ങളും ഒക്കെയുണ്ട്. സ്ത്രീകളും കുട്ടികളും ചെറുപ്പക്കാരും മുതിർന്നവരും എല്ലാം മൈതാനങ്ങളിൽ പന്തു തട്ടുന്നത് എല്ലായിടത്തും കാണാം. ബ്രസീലുകരുടെ ഫുട്ബാൾ സ്നേഹം വളരെ പ്രകടമാണ്.
5 മണിയോടെ ഞങ്ങൾ റാമോസ് ഗ്രാമത്തോട് യാത്ര പറഞ്ഞു. 8.30നാണ് തിരിച്ചു ബലേമിൽ എത്തിയത്. ചോളം കൊണ്ടുള്ള പുട്ട് ആയിരുന്നു രാത്രി ഭക്ഷണം. മലയാളികളുടെ ചിരട്ട പുട്ടിന്റെ ആകൃതിയും രുചിയും തന്നെ. ബ്രസീലിലെ ജീവിത രീതിയിലും നമ്മുടെ നാടിനോട് പല കാര്യങ്ങളിലും സാദൃശ്യം കാണാൻ കഴിയും.ഭാഷയിലും ഉണ്ട് ആ സാമ്യം. നമ്മൾ മലയാളത്തിൽ ഉപയോഗിക്കുന്ന പല വാക്കുകകളും പോർച്ചുഗീസിൽ നിന്നു കടം കൊണ്ടതാണ്. ഇന്ന് ഉറങ്ങാനുള്ള നേരമായി. നാളത്തെ വിശേഷങ്ങളുമായി വീണ്ടും വരാം.
Leave a Reply