കുട്ടനാട്ടിൽ മടവീണ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു
ആലപ്പുഴ.
കുട്ടനാട്ടിലെ മഴക്കെടുതിക്കും മടവീഴ്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കാണണമെങ്കിൽ കുട്ടനാട് പാക്കേജിന്റെ രണ്ടാംഘട്ടം അനിവാര്യമാണെന്നും ഇതിനായി പത്തൊമ്പതാം തിയതി മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സംഘം പ്രധാനമന്ത്രിയെ കാണുമ്പോൾ പ്രശ്‌നം കേന്ദ്രത്തിന് മുമ്പിൽ അവതരിപ്പിക്കുമെന്നും കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. രണ്ടാം കുട്ടനാട് പാക്കേജിനുള്ള പദ്ധതിരേഖ  തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിൽ കനത്ത മഴയിൽ വെള്ളം പൊങ്ങി മടവീട് കൃഷിനാശം സംഭവിച്ച പാടശേഖരങ്ങൾ  സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ജില്ലാ കളക്ടർ എസ്.സുഹാസും മന്ത്രിയെ അനുഗമിച്ചു. 
ആറുപങ്ക്, ചെറുകാലി കായൽ, കുപ്പപ്പുറം, കനകാശ്ശേരി, പരുത്തി വളവ്, ചമ്പക്കുളം പടച്ചാൽ, വലിയ തുരുത്ത് എന്നിവിടങ്ങളാണ് മന്ത്രി നേരിട്ടെത്തി നാശനഷ്ടങ്ങൾ വിലയിരുത്തിയത്. 
കുട്ടനാട്ടിൽ കൃഷി വകുപ്പിന്റെ കണക്കുപ്രകാരം 7316 ഹെക്ടർ പാടശേഖരം വെള്ളപ്പൊക്കം മൂലം നാശത്തിലായിട്ടുണ്ട്.  128 പാടശേഖരങ്ങളെ ഇത് ബാധിച്ചു. ബണ്ട് തകർന്നതുമൂലം 992 ഹെക്ടർ പാടശേഖരം തകർച്ച നേരിട്ടു. തകർന്ന ബണ്ടുകൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാർ ആദ്യം നടപടി എടുക്കും. കൃഷിവകുപ്പ് നേരിട്ട് ബണ്ട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.പുനർ നിർമ്മിക്കുന്നതിനുള്ള ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷി നാശത്തേക്കാൾ നൂറുകണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ടിൽപ്പെട്ടിരിക്കുന്നത്. 20 തകർന്ന ബണ്ടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തുക ലഭ്യമാക്കും. പ്രദേശത്തെ സംരക്ഷിക്കാൻ കുട്ടനാട് പാക്കേജിലെ രണ്ടാംഘട്ടമാണ് സർക്കാരിന്റെ മുന്നിലുള്ളത്. ഒന്നാംഘട്ടത്തിൽ ഉണ്ടായ ഗുരുതരമായ വീഴ്ചകളാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭ ഫണ്ടിൽനിന്ന് ഹെക്ടറിന് 13800 രൂപ വീതം ഉടൻ നഷ്ടപരിഹാരം നൽകും. ഇൻഷുറൻസ് എടുത്തിട്ടുള്ള കർഷകർക്ക് 35,000 രൂപ ഇവയ്ക്കുപുറമേ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വിത്ത് വിതച്ചിട്ട് വളരെക്കുറച്ച് ദിവസം മാത്രമേ ആയിട്ടുള്ളുവെങ്കിൽ ഇൻഷുറൻസ് തുക ലഭിക്കാത്ത സ്ഥിതിയും ഉണ്ട്.  അത്തരത്തിലുള്ളവർക്ക് പ്രത്യേക ഉത്തരവിലൂടെ സാമ്പത്തിക സഹായം നൽകാൻ കഴിയുമോ എന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പുനർ കൃഷിക്കുള്ള വിത്ത് സൗജന്യമായി നൽകും. കൃഷി വകുപ്പ്  ഡയക്ടർ, ഡയറക്ടർ ജസ്റ്റിൻ മോഹൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ബീന നടേശ്, ഡെപ്യൂട്ടി ഡയറക്ടർമാരായ എം.എസ്.അജിത, എം.എൽ.ലക്ഷ്മി, മുൻ എം.പി. പി.ജെ.ആഞ്ചലോസ്, രാഷ്ട്രീയ പാർട്ടി  പ്രതിനിധികൾ, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
(Visited 35 times, 1 visits today)

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *