Sunday, 5th February 2023

സി.വി.ഷിബു.
        കുരുമുളക് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന വിയറ്റ്നാമിൽ പരീക്ഷിച്ച് വിജയിച്ച താങ്ങു കാൽ മാതൃക കേരളത്തിലും പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ് കാർഷിക മേഖലയിലെ മാതൃക ഗവേഷക കർഷകനായ വെള്ളമുണ്ട ആറുവാൾ തോട്ടോളി അയൂബ്. എsവക പഞ്ചായത്തിലെ രണ്ടേ നാലിലെ സഫ ഓർഗാനിക് ഫാമിലാണ് അയൂബ് കുരുമുളക് കൃഷിയിൽ വിയറ്റ്നാം മാതൃക പരീക്ഷിച്ച് വിജയം കണ്ട് തുടങ്ങിയത്.
വിയറ്റ്നാം മോഡൽ കുരുമുളക് കൃഷി.
2016 ലാണ് മാനന്തവാടി എടവക പഞ്ചായത്തിലെ താനിയാടുള്ള കൃഷിസ്ഥലത്ത് ,എടവക കൃഷിഭവനിലെ കൃഷി ഓഫീസർ മണികണ്ഠന്റെ  സപ്പോർട്ടോടുകൂടി അയൂബ്
ഈ രീതിയിൽ കൃഷി ആരംഭിച്ചത്.
കുരുമുളക് കൃഷിയക്ക് സാധാരണയായി ഉപയോഗിക്കുന്ന മരങ്ങളുടെ താങ്ങു കാലുകൾക്ക്  പകരം നിർജ്ജീവ കാലുകൾ
( dead Post) ഉപയോഗിക്കുന്നതാണ്  രീതി. മരത്തടികൾ തന്നെ ദീർഘകാലം നിലനിൽക്കാൻ വേണ്ടി രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്തോ, കോൺക്രീറ്റ്, Gl, എന്നിവ ഉപയോഗപെടുത്തിയോ താങ്ങു കാലുകൾ ഉണ്ടാക്കാം.
പതിനഞ്ച് അടി നീളവും നാല് ഇഞ്ച് കനവുമുള്ള  കോൺക്രീറ്റിന്റെ ചതുര തൂണുകളാണ്  അയൂബ് തിരഞ്ഞെടുത്തത്.
തോട്ടത്തിൽ തന്നെ ഒരു പോസ്റ്റിന് 1150 രൂപ നിരക്കിൽ 3 കമ്പി ഇട്ട് വാർത്തെട്കുകയായിരുന്നു. 
13 അടിമുകളിൽ വരത്തക്കവിധം രണ്ടടിയുടെ കുഴികളെടുത്ത് അതിൽ പോസ്റ്റ് ചെരിവോ, ഇളക്കമോ ഇല്ലാതെ ഉറപ്പിച്ചു.( ചെറിയ കല്ലുകൾ, ഇഷ്ടിക കഷണങ്ങൾ ഇതൊക്കെ ഉപയോഗിച്ചാണ് പോസ്റ്റ് ടൈറ്റാക്കിയത്. അടിയിൽകോൺക്രീറ്റ് ചെയ്യേണ്ടി വന്നിട്ടില്ല) പോസ്റ്റിന്റെ വടക്കുഭാഗത്തു മാത്രമായി ഒരടി സമചതുര കുഴി എടുത്ത് അതിൽ ട്രൈക്കോഡർമ കൊണ്ട് സമ്പുഷ്ടീകരിച്ച ചാണകവും മേൽമണ്ണും കൊണ്ട് നിറച്ച്' ഒരാഴ്ചകഴിഞ്ഞ് ഒരു കുഴിയിൽ 3 വീതം തൈകൾ നട്ടു.
വേനലിൽ ജലസേചനത്തിന് ഡ്രിപ്പ് ഇറിഗേഷൻ സൗകര്യം ഏർപെടുത്തി.
മഴ മാറിക്കഴിഞ്ഞപ്പോൾ ഒരു മാസം ഇടവേളയിൽ ചാണകം + കടലപിണ്ണാക്ക് + വേപ്പിൻ പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ച് ചെടികൾക്ക് ചുവട്ടിൽ ഒരു ലിറ്റർ വീതം 3 മാസക്കാലം കൊടുത്തു.
ആദ്യവർഷത്തെ വേനൽക്കാലം എല്ലാ ദിവസവും ഒരു നേരം ,മുടങ്ങാതെ നനച്ചു' ( 800- 900 ml) കോൺക്രീറ്റ് ചൂടാവും എന്ന ആശങ്ക ഒക്കെ ഉണ്ടായിരുന്നെങ്കിലുംആദ്യ വർഷം തണലുകൊടുത്തിട്ടില്ല.പറ്റിപ്പിടിച്ചു വളരാനുള്ള സൗകര്യത്തിന്‌ പോസ്റ്റിൽഷെയ്ഡ് നെറ്റ് കൊണ്ട് പൊതിഞ്ഞു .
നല്ല വളർച്ച ഉണ്ടായിരുന്നതായി അയൂബ് പറയുന്നു. ഒരു വർഷം ആയ  തന്നെ ഒന്നു രണ്ട് ചെടികൾ തിരിയിട്ടിരുന്നു.
 രണ്ടാം വർഷം (2018) ൽ വേനലിൽ 
ചെടികളിൽ മഞ്ഞളിപ്പ് മാറാതിരുന്നത് ആശങ്കയുണ്ടാക്കി. സൂര്യാഘാതമാണ് കാരണമെന്ന് കണ്ടെത്തി ഓലകൊണ്ട് തണലൊരിക്കയപ്പോൾ ആ പ്രശ്നവും പരിഹരിക്കാനായി.എന്താണ് രോഗമെന്നറിയാതെ ആകെ വിഷമിച്ച് നിൽക്കുമ്പോൾ പരിഹാരം കണ്ടെത്താൻ സഹായിച്ചത്, ആത്മവയനാടിന്റെ മുൻ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആശയാണന്ന്  ഇദ്ദേഹം പറഞ്ഞു.. കടപ്പാടും സ്നേഹവും നന്ദിയും പറഞ്ഞു തീർക്കുന്നില്ലന്നും അയൂബ് കൂട്ടി ചേർക്കുന്നു.
വിയറ്റ്നാം  രീതിയുടെ ഗുണങ്ങൾ
1 – താങ്ങു കാലും കുരുമുളകു ചെടിയും തമ്മിലുള്ള വെള്ളത്തിനും വളത്തിനുമുള്ള മത്സരം ഒഴിവാകുന്നു.
2-സൂര്യപ്രകാശം തടസ്സമില്ലാതെ കിട്ടുന്നത് കൊണ്ടു  അതിസാന്ദ്രതാ കൃഷിക്ക് അനുയോജ്യം.ഒരു ഏക്കറിൽ 1000 പോസ്റ്റുകളിൽ കൃഷി നടത്താം.
3. താങ്ങു കാലുകൾ  നശിച്ചുപോകുന്നതിന്റെ റിസ്ക് ഒഴിവാക്കാം 
4-വീടിന്റെ പരിസരം', ഇലക്ട്രിക്ക് ലൈനിനു കീഴിൽ, കാറ്റിന്റെ ശല്യമുള്ള ഇടങ്ങൾ ഇവിടെയെല്ലാം കൃഷി ചെയ്യാൻഅനുയോജ്യമാണ്..
പ്രശ്നങ്ങൾ:
തുടക്കത്തിലെ ഉയർന്ന മുതൽമുടക്ക്'
( വിപുലമായി ചെയ്യുന്നില്ലെങ്കിലും വീട്ടുമുറ്റത്ത് നനയ്ക്കാൻ സൗകര്യമുള്ളിടത്ത് ഒന്നോ രണ്ടോ പോസ്റ്റിട്ട് കൃഷി ചെയ്താൽ വർഷം മുഴുവൻ വീട്ടാവശ്യത്തിനുള്ള (പച്ച)കുരുമുളക് കിട്ടും.( നിരവധി കാർഷിക വിളകളുടെ പുതിയ ഇനങ്ങൾ പരീക്ഷിച്ച് കൃഷി നടത്തുന്ന അയൂബ് തോട്ടോളി നിരവധി കർഷിക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.). 
അയൂബ് തേട്ടോളി. 9387752145.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *