Sunday, 4th December 2022
 കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം  ഇറക്കുമതി അനിയന്ത്രിതമാക്കുന്നത് കർഷകവിരുദ്ധം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാനായി  അസംസ്കൃത വസ്തുക്കൾ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം കർഷക വിരുദ്ധമാണന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു.
 തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച  അന്താരാഷ്ട്ര കർഷിക വ്യാപാരവും സ്വതന്ത്ര വ്യാപാര കരാറുകളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച  രണ്ട് ദിവസത്തെ ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെ  കേന്ദ്രം ഒപ്പിടുന്ന സ്വതന്ത്ര വ്യാപാര കരാറുകൾ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ചെറുകിട കർഷകരുടെ വയറ്റത്തടിക്കുന്നതും കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുന്നതുമാണ് . നോട്ട് നിരോധനത്തെ തുടർന്നുണ്ടായ ഗോതമ്പ് ഇറക്കുമതി അമേരിക്കയെയും  പഞ്ചസാര കയറ്റുമതി  വർദ്ധിപ്പിക്കുന്നതിന്റെ പേരിൽ കരിമ്പ് ഇറക്കുമതി ചെയ്തത്  ബ്രസീലിനെയും  സഹായിക്കുകയാണുണ്ടായത്. ഇത് ഇവിടുത്തെ ഗോതമ്പു കർഷകരെയും കരിമ്പു കർഷകരെയും   ദോഷകരമായി ബാധിച്ചതു പോലെ   റബർ, കുരുമുളക് ഇറക്കുമതി കേരളത്തിലെ കർഷകരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടന്ന് മുഖ്യമന്ത്രി പറഞ്ഞു. 
          
          രാജ്യത്തിന് വിദേശ നാണയം നേടികൊടുക്കുന്ന കേരളത്തിന് ആവശ്യമായ  ഭക്ഷ്യധാന്യം നൽകുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാഗ്ദാനം .എന്നാൽ നമുക്ക് ആവശ്യമായ അത്രയും റേഷൻ വിഹിതം പോലും നൽകുന്നില്ല.  ഇക്കാര്യങ്ങളെല്ലാം പ്രധാനമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും  പല തവണ  കൂടിക്കാഴ്ചക്ക്  അനുമതി നിഷേധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
       
     കേന്ദ്ര സർക്കാർ കനിയുന്നില്ലങ്കിലും  കേരളത്തിൽ ഉല്പാദനം വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  രണ്ട് വർഷം കൊണ്ട് 2.99 ശതമാനത്തിന്റെ ഉല്പാദന വർദ്ധനവ് കാർഷിക മേഖലയിൽ ഉണ്ടായിട്ടുണ്ട്.  മുൻകാലങ്ങളിൽ ഉണ്ടായിരുന്ന നെഗറ്റീവ് വളർച്ചയിൽ നിന്ന് കാർഷിക രംഗത്ത് പോസിറ്റീവ് വളർച്ച ഉണ്ടാവാൻ പ്രധാന കാരണം 22050 ഹെക്ടർ സ്ഥലത്ത് നെൽകൃഷിയും എഴുപതിനായിരം ഹെക്ടർ സ്ഥലത്ത് പച്ചക്കറിയും പുതിയതായി ആരംഭിക്കാൻ കഴിഞ്ഞതാണ്. കാർഷികവൃത്തി ഉപജീവനമാക്കുന്നവർക്ക്  സാമ്പത്തിക ഭദ്രത ഉറപ്പാക്കാനാണ് ശ്രമം. കൃഷി നാശത്തിന് നഷ്ടപരിഹാരം രണ്ട് ഇരട്ടി മുതൽ 12   ശതമാനം വരെയാക്കി വർദ്ധിപ്പിച്ചു.
        സർവ്വതല സ്പർശിയായ സമീപനത്തിലൂടെ കാർഷിക മേഖലയെ ലാഭകരമാക്കുകറ്റെന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി റബർ പ്രൊഡക്ഷൻ  ഇൻസന്റീവ്  പദ്ധതിക്കായി രണ്ട് വർഷം കൊണ്ട് 962 കോടി രൂപ ചിലവഴിച്ചു.ഇന്ത്യയിലെ റബ്ബർ ഉല്പാദനത്തിന്റെ എൻപത് ശതമാനവും കേരളത്തിൽ നിന്നാണ്. റബർ കയറ്റുമതിക്കുള്ള ക്ലസ്റ്റർ ഏർപ്പെടുത്തിയപ്പോൾ കേരളത്തിലെ ഒരു ജില്ലയെയും ഉൾപ്പെടുത്തിയില്ല. വാഴപ്പഴത്തിന്റെ നാടാണ് കേരളം. വാഴപ്പഴ ക്ലസ്റ്ററിലും കേരളത്തെ ഉൾപ്പെടുത്തിയില്ല. കശുവണ്ടി, കുരുമുളക് ,നാളീകേരം തുടങ്ങിയവക്ക് ഇതുവരെ കേന്ദ്രം ക്ലസ്റ്റർ രൂപീകരിച്ചിട്ടില്ല.  ഇവക്ക് ക്ലസ്റ്റർ രൂപീകരിച്ച് കേരളത്തിലെ ജില്ലകളെ ഉൾപ്പെടുത്തണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
    അന്താരാഷ്ട്ര കരാറുകളിൽ ഏർപ്പെടുന്നതിന് മുമ്പ് സംസ്ഥാനങ്ങളുടെ താൽപ്പര്യവും അഭിപ്രായവും കേന്ദ്രം പരിഗണിക്കണം. റീജിയണൽ കോംപ്രി ഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്  (RCEP) എന്ന കരാറിന്റെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം ഇതുവരെ ആരാഞിട്ടില്ല. ശ്രീലങ്കയുമായുള്ള ചർച്ചയും ആസിയാൻ കരാറും ഇന്ത്യയിലെ കാർഷിക മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാർഷികോൽപ്പന്നങ്ങളുടെയും ഭക്ഷ്യ സംസ്കരണത്തിലും  മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണത്തിലും  പുതിയ നയങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു   വീഡിയോ സന്ദേശം നൽകി.
  ചടങ്ങിൽ കൃഷിമന്ത്രി  വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ,    ചീഫ് സെക്രട്ടറി പോൾ ആൻറണി,  ഹരിത കേരള മിഷൻ ചെയർപേഴ്സൺ ഡോ: ടി.എൻ. സീമ , കൃഷി വകുപ്പ് ഡയറക്ടർ  ഡോ: പി.കെ. ജയശ്രീ, സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് ചെയർമാൻ ഡോ.. പി.രാജശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Leave a Reply

Your email address will not be published.