Tuesday, 19th March 2024
കൽപ്പറ്റ:  പല പ്രതി സന്ധികളും നേരിടുന്ന ക്ഷീരമേഖലയിൽ പുതിയ പ്രതിസന്ധി സൃഷ്ടിക്കാൻ നീക്കം നടത്തുന്നതായി മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ  ആരോപിച്ചു. ഗുണനിലവാരത്തിന്റെ പേര് പറഞ് ആവശ്യമില്ലാത്ത , ശാസ്ത്രീയമല്ലാത്ത പരിശോധനകൾ നടത്തി, ക്ഷീര കർഷകരിൽ നിന്ന് മിൽമ സംഭരിക്കുന്ന പാലിന്റെ അളവ് കുറക്കാനാണ് ഇപ്പോഴത്തെ ശ്രമം. പ്രശ്ന പരിഹാരത്തിന്   സർക്കാരും വകുപ്പ് മേലധികാരികളും അടിയന്തരായി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കാൻ   പല പദ്ധതികളിലൂടെ ശ്രമം നടന്നിരുന്നു. ഇതിന്റെ ഭാഗമായി പ്രതി ദിനം രണ്ടര ലക്ഷം ലിറ്റർ പാൽ ഉല്പാദിപ്പിക്കുന്ന വയനാട്ടിലടക്കം എല്ലാ ജില്ലയിലും  പാലുല്പാദനം വർദ്ധിച്ചു. നല്ല വേനൽമഴ ലഭിച്ചതും ഗുണ നിലവാരമുള്ള പശുക്കളെ വളർത്തി തുടങ്ങിയതും ചെറുകിട മേഖലയിൽ പാലുൽപ്പാദനം വർദ്ധിപ്പിച്ചു.
 അപ്പോഴും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ പാൽ കേരളത്തിലേക്ക് ണ്ടുവന്ന് വില്പന നടത്തുന്നു. ഇത് തടയാനുള്ള ശ്രമം നടത്തുന്നതിന് പകരം ചെറുകിട ക്ഷീര കർഷകരിൽ നിന്ന് ശേഖരിക്കുന്ന പാലിന്റെ അളവ് നിയന്ത്രിക്കാനാണ് മിൽമ അണിയറ നീക്കം നടത്തുന്നത്.  
    മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പാൽ കൊണ്ടുവരുന്നത് നിയന്ത്രിക്കണമെന്നും വിഷാംശം കലർന്ന ഇത്തരം പാലിന്റെ  പരിശോധന  കർശനമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. മായം കലർന്ന പാലും ഉൽപ്പന്നങ്ങളും കണ്ടെത്താൻ നിലവിലുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. 
  പാൽ സംഭരണത്തിൽ നിയന്ത്രണം പിൻവലിച്ചില്ലങ്കിൽ  മിൽമയുടെ കേന്ദ്രങ്ങൾ ഉപരോധിക്കും.  
ക്ഷീരമേഖലയുടെ വളർച്ചക്ക് സർക്കാർ നീക്കിവെക്കുന്ന തുക പാലിന്റെ അളവിന് ആനുപാതികമായി ലാഭവിഹിതവും സബ്സിഡിയും  കർഷകർക്ക് നേരിട്ട് പണമായി വിതരണം ചെയ്യണം. ഈ രംഗത്തുള്ള അഴിമതി ഇല്ലാതാക്കാൻ  ഇതുകൊണ്ട് മാത്രമെ സാധിക്കൂവെന്നും ഭാരവാഹികൾ പറഞ്ഞു. മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ മേഖലാ പ്രസിഡണ്ട് വേണു ചെറിയത്ത് ജില്ലാ പ്രസിഡണ്ട് ലില്ലി മാത്യൂ,  സെക്രട്ടറി വിഷ്ണു പ്രസാദ് ,ജിഷ സുഭാഷ് എന്നിവർ പത്രസമ്മേളനത്തിൽ  പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *