Tuesday, 27th February 2024
വേവിൻ ഉല്പാദക കമ്പനിയിൽ  ഓഹരി ഉടമകളാകാൻ കർഷകർക്ക് അവസരം.
കൽപ്പറ്റ: നബാർഡിന് കീഴിൽ വയനാട്ടിൽ രൂപീകരിച്ച വേവിൻ ഉല്പാദക കമ്പനിയിൽ ഓഹരിയെടുക്കാൻ ജില്ലയിലെ കർഷകർക്ക് അവസരമൊരുക്കിയതായി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നബാർഡിന്റെ നേതൃത്വത്തിൽ കേരളത്തിലും ലക്ഷദ്വീപിലുമായി 105 കാർഷിക ഉല്പാദക കമ്പനികളാണ് ( എഫ്.പി.ഒ.) ഉള്ളത്. ഇവയിൽ 13 കമ്പനികളാണ് വയനാട്ടിലുള്ളത്. ചെറുകിട കാപ്പി കർഷകർ ചേർന്ന് രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ ഉല്പാദക കമ്പനിയാണ് കൽപ്പറ്റ ആസ്ഥാനമായി കഴിഞ രണ്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്ന വേവിൻ പ്രൊഡ്യൂസർ കമ്പനി. കേരളത്തിലാദ്യമായി അറബിക്കയും റോബസ്റ്റയും കോഫി ബോർഡിന്റെ സാങ്കേതിക സഹായത്തോടെ  പ്രത്യേ കാനുപാതത്തിൽ ബ്ലെൻഡ് ചെയ്ത് ചിക്കറി കൂടാതെ വിൻകോഫി എന്ന പേരിൽ   ഫിൽട്ടർ കോഫി വിപണിയിലിറക്കിയത് വേവിൻ കമ്പനിയിലെ കർഷകർ ചേർന്നാണ്.
      ചിക്കറി ചേർക്കാതെ പ്രീമിയം കോഫിയും ചുക്ക് കാപ്പിയും   ഉടൻ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ഇവർ പറഞ്ഞു. ഇതിനായി സംസ്കരണ കേന്ദ്രം നിർമ്മിക്കുന്നതിന് നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും  ഒരു വർഷത്തിനകം സംസ്കരണ കേന്ദ്രം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.രണ്ട് വർഷത്തിനകം വിൻകോഫി വിദേശ വിപണിയിലെത്തിക്കാനാണ് ശ്രമം. മറ്റ് കാർഷികോൽപ്പന്നങ്ങളുടെയും മൂല്യവർദ്ധിത വർദ്ധിത ഉല്പന്നങ്ങളുടെയും വിപണനത്തിനായി കോവക്ക ഡോട് കോം എന്ന പേരിൽ ഓൺലൈൻ വ്യാപാര ശൃംഖല ആരംഭിച്ചതായും  മറ്റ് ഉല്പാദക കമ്പനികളുടെ  ഉല്പന്നങ്ങളും ഈ ഓൺലൈൻ വഴി വിറ്റഴിക്കാൻ തുടങ്ങിയിട്ടുണ്ടന്നും കമ്പനി അധികൃതർ അറിയിച്ചു.   ആവശ്യക്കാർക്ക് വിഷ രഹിത ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിന് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം വൈത്തിരി പ്രാഥമിക കാർഷിക ഗ്രാമവികസന ബാങ്ക് കെട്ടിടത്തിൽ വേവിൻ ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നുണ്ട്.
നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് സാങ്കേതിക ആശയ കൈമാറ്റത്തിലൂടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും കർഷകന്റെ കുടുംബ വരുമാനം ഇരട്ടിയാക്കാനും  ഒപ്പം കാർഷികോൽപ്പാദക  കമ്പനിയുടെ വളർച്ചയും സാധ്യമാക്കുന്നതിനാണ് വേവിൻ ഊന്നൽ നൽകുന്നത്. 
      വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഫാർമേഴ്സ് ക്ലബ്ബുകളും ജെ.എൽ.ജികളും രൂപീകരിച്ച് കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഓഹരി വില്പനയജ്ഞം  നടക്കുന്നത്.  – വൻകിട – ചെറുകിട- നാമമാത്ര കർഷകർക്കും കാർഷിക മേഖലയിലെ വിഭഗ്ധർക്കും ഓഹരിയെടുക്കാം. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മറ്റ് കർഷക സംഘങ്ങൾക്ക്  ഗ്രൂപ്പായും കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരമുണ്ട്. കൃഷി, ഉല്പന്ന നിർമ്മാണം, പായ്ക്കിംഗ് ,വിപണനം എന്നീ നാല് മേഖലകളിലെ പ്രവർത്തനത്തിനാണ് വേവിൻ ശ്രദ്ധ നൽകുന്നതെന്നും ഭരണ സമിതി അംഗങ്ങൾ പറഞ്ഞു.
 ചെറുകിട-ഇടത്തരം കർഷകരും, കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പ്രഫഷണലുകളും ചേർന്ന് രുപീകരിച്ച കാർഷിക ഉദ്പാദക വിപണന കമ്പനി
വയനാട്ടിലെ കാർഷിക ഉത്പാദന മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ തനത് ബ്രാൻഡിൽ  മൂല്യ വർദ്ധിതമാക്കി വിപണിയിൽ എത്തിച്ച് കർഷകർക്ക് പരമാവധി നേട്ടം ഉണ്ടാക്കി കൊടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
.
കാർഷിക മേഖലയിൽ യുവതലമുറയെ എത്തിക്കുകയും , അധുനിക കൃഷി – സംസ്ക്കരണ മേഖലയിൽ ഇവരുടെ പങ്ക് ഉയർത്തി കൊണ്ട് വരുന്ന പദ്ധതികൾ കൊണ്ടുവരാനും, കൂടുതൽ തൊഴിലവസരം സൃഷ്ടിക്കുന്നതിനും സാധിക്കുന്ന പദ്ധതികൾ കമ്പനി രൂപീകരിച്ച് വരുന്നു. ഓഹരി യെടുക്കാൻ താൽപര്യമുള്ള കർഷകർ  7356166881 എന്ന നമ്പറിലോ കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപം കൊട്ടാരം ഹെയ്റ്റിസിൽ നാലാം നിലയിലുള്ള വേവിൻ ഓഫീസുമായോ ബന്ധപ്പെടണം. പത്ര സമ്മേളനത്തിൽ ചെയർമാൻ എം.കെ. ദേവസ്യ,   സി.ഇ.ഒ. കെ .രാജേഷ് എന്നിവർ പങ്കെടുത്തു

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *