Friday, 19th April 2024
കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിനോട് ചേര്‍ന്ന് ഏപ്രില്‍ ഒന്നിന് ആരംഭിച്ച പുഷ്‌പോല്‍സവത്തില്‍ ജനത്തിരക്കേറി. മെയ്ദിനത്തോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി വന്‍ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. ശനിയാഴ്ച 12500ലധികം ആളുകളും ഞായറാഴ്ചയും മെയ്ദിനത്തിലും പതിനായിരത്തിലധികം ആളുകള്‍ വീതം ബാണാസുരസാഗര്‍ ഡാമും പുഷ്‌പോത്സവവും കാണാനെത്തി. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള ഹൈഡല്‍ ടൂറിസം വകുപ്പ്, നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സില്‍, ചീരക്കുഴി നേഴ്‌സറി എന്നിവയുടെ ആഭിമുഖ്യത്തിലാണ് പുഷ്‌പോത്സവം ഒരുക്കിയിട്ടുള്ളത്. ഡാമില്‍ ബോട്ടിംഗ്, കുതിരസവാരി, ത്രിഡി ഷോ തുടങ്ങിയവയും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. 
കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളില്‍ വയനാട് ജില്ലയുടെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് പുഷ്‌പോത്സവം ആരംഭിച്ചതിന് ശേഷം ബാണാസുരസാഗര്‍ ഡാമിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. പുഷ്പസൗന്ദര്യം അടുത്തറിയാനായി ധാരാളം വിദേശികളും സ്വദേശികളും ഇവിടേക്കെത്തുന്നു. റൂബിറെഡ്, അലോമോസ്, ബ്രൈഡ് ടു ബി, ബാര്‍ബര്‍ഷോപ്പ് തുടങ്ങിയ വിവിധ ഇനങ്ങള്‍ ചെടികളും ഓര്‍ക്കിഡ്, ഹൈഡ്രാഞ്ജിയ, റോസ, ആന്തൂറിയം, ജമന്തി, പെറ്റോണിയ ജെറബറ തുടങ്ങിയവയുടെ വ്യത്യസ്ത ഇനങ്ങളും പുഷ്‌പോത്സവത്തോടനുബന്ധിച്ച് രണ്ടര ഏക്കറില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ദിവസേന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. മെയ് 30നാണ് പുഷ്പമേള സമാപിക്കുന്നത്. ഹൈഡല്‍ ടൂറിസം പദ്ധതിയില്‍ നേരത്തെ വരുമാന വര്‍ദ്ധനവ് ഉണ്ടായിരുന്നെങ്കിലും പുഷ്‌പോത്സവം കൂടി ആരംഭിച്ചത് വരുമാനം കൂട്ടിയിട്ടുണ്ട്.
 ടിക്കറ്റ് വില്‍പന കൂടാതെ അമ്യൂസ്‌മെന്റ്, പാര്‍ക്കിംഗ്, ത്രിഡി ഷോ, ബോട്ടിംഗ് തുടങ്ങിയവയിലും വരുമാനം കൂടിയിട്ടുണ്ട്. വേനലവധിയായതിനാല്‍ അടുത്ത രണ്ടാഴ്ചക്കാലം ഈ തിരക്ക് നീണ്ടുനില്‍ക്കുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്. ആഭ്യന്തര വിനോദ സഞ്ചാരികളില്‍ കൂടുതല്‍ പേര്‍ എത്തുന്നത് കര്‍ണാടകയില്‍ നിന്നുമാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *