
മേടമാസം പത്താം തിയ്യതി പത്താമുദയത്തില്‍ വിത്ത് വിതയുടെയും തൈനടീലിന്റെയും ദിവസമാണ്. കൃഷിക്ക് ആരംഭം കുറിയ്ക്കുവാന്‍ പറ്റിയ സമയമാണിതെന്ന് ശാസ്ത്രീയ ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്. നെല്‍കൃഷിയ്ക്ക് മൂപ്പുകൂടിയ മുണ്ടകന്‍, വിരിപ്പു വിത്തുകളാണ് വിതച്ചിരുന്നത്. തവളക്കണ്ണന്‍, കുട്ടനാടന്‍, കട്ടമോടന്‍, കൊടിയന്‍ എന്നിവയായിരുന്നു ആ കാലത്തെ പ്രധാന വിത്തുകള്‍. ഈ വിത്തുകള്‍ക്കു പകരം മേല്‍തരം വിത്തുകള്‍ ഉപയോഗിച്ച് അനുയോജ്യമായ സ്ഥലങ്ങളില്‍ കൃഷിചെയ്യാം. തെങ്ങ് നടാനും പറ്റിയ സമയമാണിത്. പാരമ്പര്യ ഇനമായ പശ്ചിമതീര നെടിയ ഇനം (ഡബ്ളിയൂ.സി.ടി.) ഏറെ വിശേഷപ്പെട്ടതാണ്. ദീര്‍ഘായുസ്സും വര്‍ദ്ധിച്ച രോഗകീട പ്രതിരോധശേഷിയും ഡബ്ളിയൂ.സി.ടി. എന്ന ഇനത്തിലുണ്ട്. മാവുകള്‍, പ്ലാവുകള്‍ തുടങ്ങിയ ഫലവൃക്ഷങ്ങള്‍ നടുന്നതിനും ഈ ദിവസം നല്ലതാണ്.
സങ്കര ഇനങ്ങളായ 45, 87, 151, രത്ന എന്നിങ്ങനെ മേല്‍ത്തരം മാവിനങ്ങള്‍ക്ക് പുറമെ നാടന്‍ ഇനങ്ങളും ഗ്രാഫ്റ്റ് ഇനങ്ങളും നേഴ്സറികളില്‍ ലഭിക്കും. കേരളത്തിന്റെ ആസ്ഥാന ഫലമായ പ്ലാവും ഇപ്പോള്‍ നടാം. വലിയ പ്ലാവിനങ്ങള്‍ക്ക് പകരമായി പൊക്കം കുറഞ്ഞ ഇനങ്ങളും ഗ്രാഫ്റ്റ് തൈകളും ഉണ്ട്. കൂടാതെ നാടന്‍ മുണ്ടന്‍ വരിക്ക, വിദേശ വരിക്ക, ചെമ്പരത്തി വരിക്ക, തേന്‍ വരിക്ക, കല്ലന്വരിക്ക ഇങ്ങനെ പോകുന്നു പ്ലാവിനങ്ങള്‍. വര്‍ഷത്തില്‍ രണ്ടുതവണ കായ്ക്കുന്ന ഓറഞ്ച് നിറത്തിലുള്ള നല്ല മധുരമുള്ള ചുളകളാണ് സിന്ദുര്‍ എന്ന ഇനവും. ശരാശരി 10-12 കിലോഗ്രാം തൂക്കം ഈ ഇനത്തിലുള്ള ചക്കകള്ക്കുണ്ട്. ചേനയൊഴികെയുള്ള എല്ലാ നടുതലകളും നടാന്‍ പറ്റിയ സമയമാണിത്. ചേമ്പ്, കാച്ചില്, ചെറുകിഴങ്ങ്, നനക്കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക എന്നിവയെല്ലാം ഇപ്പോള്‍ കൃഷിചെയ്യാം. കൂടാതെ നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന പച്ചക്കറികളും നടുന്ന സമയമാണിത്. പ്രത്യേകിച്ച് കാര്‍ഷിക കലണ്ടറില്‍ പത്താം ഉദയമെന്നാല്‍ കൃഷിയുടെ തുടക്കമാണ്. അതുകൊണ്ട് നല്ലൊരു നടീല്‍കാലം നമുക്കും ആരംഭിക്കാം.
Leave a Reply