Thursday, 12th December 2024
∙1) ചേന, ചേമ്പ് എന്നിവ നടുമ്പോൾ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞൾ നട്ടാൽ എലിയുടെ ഉപദ്രവം കുറയും
∙2) വെറ്റിലക്കൊടിയുടെ ചുവട്ടിൽ തുളസിയില വളമായി ഇട്ടാൽ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം കിട്ടും
∙ 3)തേനീച്ചപ്പെട്ടി സ്ഥാപിച്ചിരിക്കുന്ന കാലിൻമേൽ ഗ്രീസ് പുരട്ടിയാൽ ഉറുമ്പിന്റെ ശല്യം ഉണ്ടാകില്ല
∙ 4)പറമ്പിൽ മുരിങ്ങ നട്ടുവളർത്തിയാൽ പാമ്പു ശല്യം കുറയും
∙ 5)കൃഷിയിടങ്ങളിൽ ഉറുമ്പു ശല്യം കൂടുതലായി കണ്ടാൽ കല്ലുപ്പ് ഇട്ട് അവയെ അകറ്റാം.  പൊടിയുപ്പ് ഉപയോഗിച്ചാലും ഇതേ പ്രയോജനം ലഭിക്കും.  ഉറുമ്പുകളുള്ള തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിൻ കൂട്ടിലും ഉപ്പു വിതറണം
∙6) ഫലവർഗങ്ങളുടെ വിളവു കൂട്ടാൻ സാധാരണ വളങ്ങൾക്കു പുറമേ മത്സ്യാവശിഷ്ടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടിൽനിന്ന് ഒന്നരയടി മാറ്റി കുഴി കുത്തി അതിലൊഴിച്ചു കൊടുക്കണം. 
∙7) കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകൾ, തുണിക്കഷ്ണങ്ങൾ, തടിക്കഷ്ണങ്ങൾ, ചാക്കുകഷ്ണങ്ങൾ, ഉമി, തവിട്, പതിര്, വൈക്കോൽ, കുളത്തിലെ പായൽ, ജലസസ്യങ്ങൾ, പച്ചിലകൾ, തീപ്പെട്ടി കമ്പനിയിലെ അവശിഷ്ടങ്ങൾ, ചകിരിച്ചോറ്, തൊണ്ട്, ഓലമടൽ, പച്ചക്കറിക്കടകളിലെ അവശിഷ്ടങ്ങൾ തുടങ്ങി മണ്ണിൽ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം
∙ 8)വഴുതന കിളിർത്തതിനുശേഷം ആഴ്ചയിലൊരുദിവസം എന്ന കണക്കിൽ ഏഴാഴ്ച തുടർച്ചയായി ചാണകമിട്ടാൽ എട്ടാം ആഴ്ച കായ് പറിക്കാം
∙9) തക്കാളിയുടെ വാട്ടരോഗം തടയാൻ വഴുതനയുടെ തണ്ടിൻമേൽ ഗ്രാഫ്റ്റിങ് നടത്തിയാൽ മതി
∙10) പാവൽ, പടവലം എന്നിവയുടെ പൂ കൊഴിച്ചിൽ തടയാൻ 25 ഗ്രാം കായം ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ചശേഷം തളിക്കണം
∙11) പയർ നട്ട് 35 ദിവസം ആകുമ്പോൾ അടുപ്പുചാരം 100 ചുവടിന് 25 കിലോ എന്ന തോതിൽ ചുവട്ടിൽ വിതറിയാൽ പൂ പൊഴിച്ചിൽ നിയന്ത്രിക്കാം
∙ 12)പയറിനു 30 ദിവസം കൂടുമ്പോൾ കുമ്മായം ഇട്ടുകൊടുത്താൽ കരിമ്പൻകേട് കുറയും
∙13) ചീരയ്ക്കു ചാരം അധികം ഉപയോഗിക്കാൻ പാടില്ല. കൂടുതൽ ചാരം ഉപയോഗിച്ചാൽ പെട്ടെന്നു കതിരുവന്നു നശിക്കും
∙ 14)വാഴത്തടത്തിനു ചുറ്റും ചീര നട്ടാൽ നല്ല വലുപ്പമുള്ള ചീരത്തണ്ടുകൾ ലഭിക്കും.
∙ 15)ആട്ടിൻകാഷ്ഠവും കുമ്മായവും ചേർത്തു പൊടിച്ചു ചീരയ്ക്കു വളമിട്ടാൽ നല്ലത്.
∙16) പശുവിന്റെ ചാണകം വെള്ളത്തിൽ കലക്കി അരിച്ച്, ആഴ്ചയിൽ ഒന്നു വീതം തളിക്കുന്നതിലൂടെ കോവലിലെ മുരടിപ്പിനെ നിയന്ത്രിക്കാം.
∙17) തവിട്ടുനിറമുള്ള എട്ടുകാലികൾ, കോവലിലെ പച്ചപ്പുഴുവിന്റെ ശത്രുപ്രാണിയാണ്. ഇവയെ നിലനിർത്തണം.
∙ 18)കോവൽ തടത്തിൽ ഉമി കരിച്ചിടുന്നതിലൂടെ കായ്ഫലം വർധിപ്പിക്കാൻ കഴിയും.
∙19) പച്ചമുളകിന്റെ കടയ്ക്കൽ ശീമക്കൊന്നയിലയും ചാണകവും ചേർത്ത് പുതയിട്ടാൽ വിളവു കൂടും. കീടബാധകളിൽനിന്നു സംരക്ഷണവും ലഭിക്കും.
∙ 20)മുളകു വിത്തു പാകുമ്പോൾ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാൽ വിത്തു നഷ്ടം ഒഴിവാക്കാം.
∙21) മുളകിന്റെ കുരുടിപ്പ് മാറ്റാൻ റബർ ഷീറ്റ് കഴുകിയ വെള്ളം തളിക്കണം.
∙22) കുമ്പളം പതിനെട്ടില വിടർന്നുകഴിഞ്ഞാൽ അഗ്രഭാഗം നുള്ളിക്കളഞ്ഞാൽ വിളവ് ഗണ്യമായി കൂടും.
∙23) ചേന വിളവെടുക്കേണ്ട സമയത്തിന് ഒരു മാസം മുൻപു തണ്ട് ചവിട്ടി ഒടിച്ചുകളഞ്ഞാൽ 15–20 ദിവസം മുൻപുതന്നെ വിളവെടുക്കാൻ കഴിയും.
∙24) ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം. ചെറുചേമ്പിന്റെ വിളവെടുപ്പിന് ഒരുമാസം മുൻപു ചെടിയുടെ ഇലകൾ കൂട്ടിക്കെട്ടി ചുവട്ടിൽ വളച്ച് മണ്ണിടുകയും നന നിലനിർത്തുകയും ചെയ്താൽ കിഴങ്ങുകൾക്കു വലുപ്പം കിട്ടും.
∙25) മണ്ണ് നന്നായി നനച്ചശേഷം വിളവെടുത്താൽ മധുരക്കിഴങ്ങ് മുറിഞ്ഞുപോകുന്നത് ഒഴിവാക്കാം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *