Thursday, 18th April 2024
സി.വി.ഷിബു
കൽപ്പറ്റ ..: രാജ്യത്ത് ഓര്‍ക്കിഡ് കൃഷി വ്യാപനത്തിനും ബോധവല്‍ക്കരണത്തിനും കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ പദ്ധതികള്‍     ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓര്‍ക്കിഡ് സൊസൈറ്റി സെക്രട്ടറി പ്രൊഫസര്‍ ഡോ. പ്രമീള പഥക് പറഞ്ഞു.
അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്രഓര്‍ക്കിഡ് ഫെസ്റ്റിന് നേതൃത്വം കൊടുക്കുന്ന പ്രമീള പഥക് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ കാര്‍ഷിക സര്‍വ്വകലാ ശാലകള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഓര്‍ക്കിഡ് കൃഷിയെക്കുറിച്ചുളള  ഗവേഷണം, ബോധവല്‍ക്കരണം, വ്യാപന പദ്ധതികള്‍ എന്നിവ നടത്തുന്നത്. ആഭ്യന്തര വിപണിയിലാണ് ഓര്‍ക്കിഡിന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുളളത്. തായ്‌ലന്‍ഡില്‍ നിന്നാണ് വ്യാപകമായി ഡല്‍ഹി വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഓര്‍ക്കിഡ് ഇറക്കുമതി ചെയ്യുന്നത്. തായ്‌ലന്‍ഡില്‍ നിന്നുളള ഓര്‍ക്കിഡിന് വില കുറവാണെങ്കിലും ഗുണമേന്‍മയുടെ കാര്യത്തില്‍ നമ്മുടെ രാജ്യത്തു തന്നെയുളള ഓര്‍ക്കിഡാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.  ലോകത്ത് ഇതുവരെ ഇരുപത്തിയയ്യായിരത്തിലധികം ഓര്‍ക്കിഡ് വെറൈറ്റികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇരുപതിനായിരത്തില്‍ പരം ഇനം  ഓര്‍ക്കിഡുകള്‍ പല രാജ്യങ്ങളിലായി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ആയിരത്തി മുന്നൂറ് ഇനം ഓര്‍ക്കിഡ് ചെടികളാണ് പ്രചാരത്തില്‍ ഉളളത്. പൂക്കളുടെ ആകൃതി, വലിപ്പം, തുടങ്ങിവയുടെയും വിത്തിന്റെയും സവിശേഷതകള്‍ കൊണ്ടാണ്. ഓരോ ഇനത്തെയും വ്യത്യസ്തമാക്കുന്നത്. 
വിത്തുകളുടെ സംരക്ഷണം തൈകളുടെ ഉല്‍പാദനം കൃഷി വ്യാപനം, പൂക്കളുടെ വിപണന സംവിധാനം തൈകളുടെ ഉല്‍പാദത്തിലുളള ടിഷ്യൂകള്‍ച്ചര്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗം എന്നീ കാര്യങ്ങളിലാണ് ഓര്‍ക്കിഡ് സെസൈറ്റി ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. 1984-ല്‍ ആരംഭിച്ച സെസൈറ്റിയില്‍ ഇപ്പോള്‍ രാജ്യവ്യാപകമായി വലിയ ശൃംഖലയുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലുളള  ഓര്‍ക്കിഡ് കൃഷിയ്ക്ക് കേരളം പോലുളള സംസ്ഥാനത്ത് അനന്ത സാധ്യതയാണുളളത്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും വളരുമെന്നതിനാലും മണ്ണില്‍ മാത്രമല്ല മരത്തിലും പാറയിലും വളരുമെന്നതിനാലും ദിവസങ്ങളോളം പൂക്കള്‍ കേടകൂടാതെ ഇരിക്കുന്നതിനാലും വില കൂടുതല്‍ ലഭിക്കുന്നതിനാലും കൃഷിയ്ക്ക് സാധ്യത കൂടുതലാണ്.  ആശങ്ക മൂലമാണ് പലരും കൂടുതലായി ഈ കൃഷിയിലേക്ക് വരാതിരിക്കുന്നത്. അവരുടെആശങ്ക അകറ്റുന്നതിനും സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും നിരവധി പരിപാടികള്‍ നടത്തിവരുന്നതിന്റെ ഭാഗമായാണ് കേരള സംസ്ഥാന കൃഷി വകുപ്പും കാര്‍ഷിക സര്‍വ്വകലാ ശാലയും, അമ്പലവയല്‍ മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രവുമായി സഹകരിച്ച് അന്താരാഷ്ട്ര ഓര്‍ക്കിഡ് ഫെസ്റ്റ് നടത്തുന്നത്. ഇത് ഒരു തുടക്കം മാത്രമാണെന്നും വരും വര്‍ഷങ്ങളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഓര്‍ക്കിഡ് സൊസൈറ്റി നേതൃത്വം വഹിക്കുമെന്നും പ്രമീള പഥക് പറഞ്ഞു. 18 വരെയാണ് അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റ് നടക്കുന്നത് '

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *