Friday, 19th April 2024
    പി.എസ്.അശ്വതി 
          വളരെയധികം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഭക്ഷ്യവിളയാണ് കൂണ്‍ അതിനാൽ തന്നെ കൂണിൽ ശരീരത്തിനാവശ്യമായ പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു.രക്തത്തിലെ കൊളസ്‌ട്രോള്‍ കുറക്കാനും കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാനും കൂണിന് കഴിയും. വിളര്‍ച്ച മാറ്റി ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതോടൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും ഇത് വര്‍ധിപ്പിക്കുന്നു. 
     രുചിയുടെ കാര്യത്തിലും കൂണ്‍ മുമ്പില്‍ തന്നെയാണ്. അധികം മുതല്‍ മുടക്കില്ലാതെ നല്ല വുരമാനം ലഭിക്കാനുള്ള ഒരു തൊഴില്‍ സംരംഭമായി കൂണ്‍ കൃഷി ചെയ്യാവുന്നതണ്. വളം നല്‍കേണ്ടാത്ത വളര്‍ച്ചാപരിചരണങ്ങളാവശ്യമില്ലാത്ത മറ്റ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്തിന് മണ്ണുപോലും ആവശ്യമില്ലാത്ത കൃഷിയാണ് കൂണ്‍ കൃഷി. കൂൺ കൃഷി എന്ന പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ കൃഷി ചെയ്യുകയല്ല, മറിച്ച് കൂൺ വിത്ത് മുളച്ചുപൊന്തി വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ എത്താനുള്ള സ്വാഭാവിക പരിസ്ഥിതി ഒരുക്കുകയാണ് ഒരു കർഷകൻ ചെയ്യുന്നത്. 
      വെളിച്ചം കടക്കാത്തവിധം ചായ്പിലോ ചെറിയ മുറിയിലോ കൃഷി ചെയ്താൽ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയിരങ്ങള്‍ വരുമാനം ഉണ്ടാക്കാവുന്ന സംരംഭമാണ് കൂൺ കൃഷി.കൂണുകൾ പലതരത്തിലുള്ള കേരളത്തിൽ ചിപ്പി കൂൺ, പാൽ കൂൺ എന്നിവയാണ് സജീവമായി കൃഷിചെയ്യുന്നത്.പാൽ കൂൺ ജൂൺ ഡിസംബർ കാലയളവിലും ചിപ്പി കൂൺ ജനവരി മെയ് മാസങ്ങളിൽ ഉള്ള വേനൽക്കാലത്തും വളർത്താം.ഓരോ ഇനവും കാലാവസ്ഥക്കനുയോജ്യമായി വളരുന്നു.
     ചിപ്പി കൂണിന്റെ തന്നെ 5 ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യാന്നുണ്ട്. 18-22 ദിവസങ്ങൾക്കുള്ളിൽ പ്ളൂറോട്ടസ് ഫ്ളോറിഡയും, ചാരനിറമുള്ള പ്ളൂറോട്ടസ് ഇയോസ്സ 22-25 ദിവസം കൊണ്ടും വിളവ് തരുന്നു. പ്ളൂറോട്ടസ് ഫ്ളോറിഡയാണ് കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത്.കലോസിബ, ജംബൊസയും കേരളത്തിൽ ഒരു തുടർ കൃഷിക്ക് അനുയോജ്യമായ പാൽ കൂണിന്റെ ഇനങ്ങൾ ആണ്. 
                വൈക്കോല്‍, റബ്ബര്‍ മരപ്പൊടി എന്നിവയാണ് ചിപ്പിക്കൂണിനും പാല്ക്കൂണിനും യോജിച്ച മാധ്യമം. നല്ല കട്ടിയും മഞ്ഞ നിറവുമുള്ള ഉണങ്ങിയ വൈക്കോല്‍ ലഭിച്ചാല്‍ മാത്രം കൃഷി ചെയ്യുക. റബ്ബര്‍ മരപ്പൊടി പുതിയതും വെളുത്തതുമായിരിക്കണം. നല്ല വെള്ളത്തില്‍ മാധ്യമം 8-12 മണിക്കൂര്‍ കുതിര്‍ത്ത ശേഷം കുറഞ്ഞത്‌ 30 മിനിട്ടെങ്കിലും വെള്ളത്തില്‍ തിളപ്പിക്കുകയോ, ആവി കയറ്റുകയോ വേണം. ഫോര്‍മാലിന്‍/ബാവിസ്ടിന്‍ മിശ്രിതം ശരിയായ തോതില്‍ തയ്യാറാക്കി (500 പി പി എം ഫോര്‍മാലിന്‍ + 75 പി പി എം ബവിസ്ടിന്‍ ) 18 മണിക്കൂറെങ്കിലും മാധ്യമം മുക്കി വെച്ച് അണുനശീകരണം നടത്തണം. 50-60 ശതമാനത്തില്‍ കൂടുതല്‍ ഈര്‍പ്പം മാധ്യമത്തില്‍ പാടില്ല. ജലാംശം കൂടിയാല്‍ രോഗകീടബാധയും കൂടും. കൂണ്‍ വളര്‍ച്ച കുറയും. മഴക്കാലത്ത് ഈച്ചയും വണ്ടും കൂണ്‍ കൃഷിയെ സാരമായി ബാധിക്കുന്നത് കൂണ്‍ തടത്തിലെ അധികം ജലാംശം നിമിത്തമാണ്. മാധ്യമം മുറുക്കി പിഴിഞ്ഞാല്‍ വെള്ളം വരാന്‍ പാടില്ല. പക്ഷെ കയ്യില്‍ നനവുണ്ടാകുകയും വേണം.ഉദ്ദേശം 60 – 70 രൂപ വരെയാണ് ഒരു കിലോയ്ക്ക് ഉല്പാദനചിലവ് വരുന്നത്.
         ചിപ്പി കൂണായാലും പാൽ കൂണായാലും ഒരു കിലോക്ക് 300 രൂപ നിരക്കിലാണ് വിൽപന നടക്കുന്നത്. കുറഞ്ഞത് 200 രൂപ വരെ കിലോ കൂണിന് ലാഭം ലഭിക്കുന്നു.
            100 ഗ്രാം  കൂണിൽ ജലാംശം 80% നൈട്രജൻ 5% കൊഴുപ്പ് 10% ധാതുക്കൾ 2% എന്നീ ഘടകങ്ങളാണ് ഉണ്ടാവുക.കൂണ്‍ കൃഷിയിലെ പ്രധാന പ്രശ്നം മികച്ച കൂണ്‍ വിത്തിന്റെ അഭാവമാണ്. കൂണ്‍ നന്നായി വളര്‍ന്നു പിടിച്ചു നല്ല വെളുത്ത കട്ടിയുള്ള കൂണ്‍ വിത്ത് വാങ്ങുക. അണുബാധയുള്ളത് ഉപയോഗിക്കരുത്. കൂണ്‍ വിത്തുകള്‍ കൂട്ടി കലര്‍ത്തി തടം തയ്യാറാക്കരുത്.
2014-15 സാമ്പത്തിക വർഷം മുതൽ ' സംസ്ഥാന പ്ളാന്റേഷൻ ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പുതിയ കൃഷി രീതികൾ പരീക്ഷിച്ച് വിജയിപ്പിച്ചിട്ടുണ്ട്. ഈ കൃഷി രീതികളെ സംസ്ഥാന ഹോട്ടി കൾച്ചർ മിഷൻ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *