Saturday, 2nd July 2022
ജിൻസ് തോട്ടുംകര

കിഴങ്ങുവർഗ്ഗങ്ങളുടെ കാവൽക്കാരനായി ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടിയ ജൈവകർഷകനാണ് പത്തനംതിട്ട റാന്നിയിലെ റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിയ്ക്ക് രണ്ടേക്കർ ഭൂമിയിലും റബറായതുകൊണ്ട് തന്നെ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. പുതിയതായി കിട്ടുന്ന വിത്തിനങ്ങൾ പരീക്ഷിച്ചും ശേഖരിച്ചും മറ്റുള്ളവർക്ക് കൃഷി ചെയ്യാൻ കൊടുത്തും കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളെരുക്കി മറ്റു കർഷകർക്കും മാതൃകയാണ് റെജി . തന്റെ ക്യഷിയിലൂടെ മറ്റു കർഷകർക്കും പ്രചോദനമാവുകുന്നത് തന്റെ വിളയിലൂടെയാണെന്ന് റെജി പറയുന്നു. ഒരു കേബിൾ ടി.വി ഓർപ്പറേറ്ററായ റെജി കൃഷിയിലേക്ക് തിരിഞ്ഞത് സമ്മർദ്ദം കുറക്കുന്നതിനും കാർഷിക വൃത്തിയിൽ കമ്പം കയറിയിട്ടുമാണ്.
           മിശ്ര വിളകൾ കൃഷി ചെയ്യുന്ന റെജിയ്ക്ക് നാണ്യവിള മാത്രമല്ല, പരമ്പരാഗത കിഴങ്ങുവർഗ്ഗങ്ങളുടെ വൻശേഖരണം തന്നെയുണ്ട്. കാച്ചിൽ ഇനങ്ങളായ ശ്രീരൂപ , ശ്രീധന്യ ,ആഫ്രിക്കൻ കാച്ചിൽ , ഇഞ്ചി കാച്ചിൽ , നീല കാച്ചിൽ , കടുവ കൈയ്യൻ , പാൽവള്ളി , ഭരണി കാച്ചിൽ , പാതാള കാച്ചിൽ എന്നിവയും കിഴങ്ങുകളായ ചെറുകിഴങ്ങ് , വൻ കിഴങ്ങ് , മുക്കിഴങ്ങും ചേന ഇനങ്ങളായ പത്മ , ആതിര , വയനാടൻ ചേന , കാട്ടുചേന , ഗജേന്ദ്ര എന്നിവയും ചേമ്പ് ഇനങ്ങളായ താമരക്കണ്ണൻ , പൊട്ടക്കണ്ണൻ , ശ്രീ രശ്മി , നീല ചേമ്പും ഇഞ്ചി ഇനങ്ങളായ വരദ, മഹിമ, രജതയും  കപ്പ ഇനങ്ങളായ ആമ്പക്കാടനും  പുതിയ ഇനമായ സ്വർണ്ണ യുമെല്ലാം റെജി കൃഷി ചെയ്യുന്നു . റെജി കൃഷി ചെയ്യുന്ന 'മിക്ക വിളകളും കേരളത്തിന്റെ അങ്ങേളമിങ്ങോളം  കാർഷിക പ്രദർശനത്തിന് കൊണ്ടു പോകാറുണ്ട്. ചാണകവും വേപ്പിൻ പിണ്ണാക്കും കടലപിണ്ണാക്കും പുളിപ്പിച്ച് അഞ്ചിരട്ടി വെള്ളത്തിൽ ചേർക്കുന്ന ജൈവവളമാണ് തന്റെ എല്ലാ വിളകൾക്കും ഉപയോഗിക്കുന്നതെന്ന് റെജി പറഞ്ഞു..
ആമ്പക്കാടനെ (കപ്പ ) ലാഭകരമാക്കാം
വെളളം നൽകിയാൽ കപ്പ ഒരു വർഷത്തിൽ എപ്പോൾ വേണമെങ്കിലും നടാം . ആമ്പക്കാടനും അങ്ങനെ തന്നെ. കവരങ്ങൾ ഏറ്റവും കൂടുതൽ പൊട്ടുന്ന കപ്പയായതുകൊണ്ട് തന്നെ കൂടുതൽ വിളവും ആമ്പക്കാടനിൽനിന്നു ലഭിക്കും. കാരണം ഇലകൾ എത്രയുണ്ടോ അത്രയും ആഹാരം പാകം ചെയ്ത് അത് കിഴങ്ങുകൾക്ക് കൊടുക്കും , അതുകൊണ്ട് തന്നെ കൃഷിയുടെ മാസങ്ങൾ കൂടുന്നതിനനുസരിച്ച് വിളവും കൂടും എന്നതാണിതിന്റെ പ്രത്യേകത. തോട്ടത്തിൽ നിലം കിളച്ചെരുക്കി ആട്ടിൻ കാഷ്ടവും കുമ്മായവും ചേർത്ത് ഒരു മാസത്തോളം വെച്ചതിനു ശേഷം കപ്പകൂടം കൂട്ടി കമ്പുകൾ നടുക. നടുമ്പോൾ ശ്രദ്ധിക്കേണ്ടത് വിളവ് കൂടുതൽ കിട്ടുന്നതിന് കപ്പക്കോലിൽ  കണ്ണിന്റെ അകലും കുറുഞ്ഞ ഭാഗം വേണം എടുക്കാൻ . കപ്പക്കോലിന് കരുത്ത് കിട്ടാൻ നന്നായി സൂര്യപ്രകാശം അടിക്കുന്ന ഭാഗമാണ് തെരഞ്ഞെടുക്കേണ്ടത്. സാധാരണ കപ്പത്തണ്ട്  കത്തി ഉപയോഗിച്ച് വെട്ടുമ്പോൾ അതിന്റെ ചുവടു ഭാഗങ്ങൾ ചിതറി കോശങ്ങൾ നഷ്ടപ്പെടുമ്പോൾ എല്ലാ ഭാഗങ്ങളിലും കിഴങ്ങുകൾ ഉണ്ടാകില്ല. അത് കൊണ്ട്, കപ്പ തണ്ട് വെട്ടുമ്പോൾ മിനിസേറ്റർ ( ആക്സോ ബ്ലേയിഡ് ) ഉപയോഗിച്ച് മുറിക്കുമ്പോൾ അതിന്റെ കോശങ്ങൾ നഷ്ടപ്പെടാതെ ലഭിക്കും. കപ്പക്കോലിന്റെ  രണ്ട് കണ്ണ് അകലം വെച്ചു മുറിച്ച് മണ്ണിൽ കുത്തനെ നടാതെ അല്‌പം ചെരിച്ച് നടുക. ചെരിച്ച് നടുമ്പോൾ കപ്പക്കോലിന്റെ രണ്ട് വശങ്ങളിൽ നിന്നും കിഴങ്ങുകൾ ഉണ്ടാകും. കമ്പുകൾ നട്ടതിനുശേഷം രണ്ട് ,മൂന്ന് കിളിപ്പുകൾ വരുമ്പോൾ കാറ്റടിച്ച് പേകാതിരിക്കാൻ ഒരു മുള സൈഡിൽ വെച്ച് കെട്ടുന്നത് നല്ലതാണ്. ചാണകം, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്  ഇവ മൂന്നും മിക്സ് ചെയ്ത് ഒരു ലിറ്ററിന് മൂന്ന് ലിറ്റർ വെള്ളമെന്ന തോതിൽ ചേർത്ത് 30 ദിവസം കൂടുമ്പോൾ ഒഴിച്ചു കൊടുക്കണം . ഇങ്ങനെ ചെയ്യുമ്പോൾ ഇതിനു ചുവട്ടിൽ വിരകൾ വരുകയും മണ്ണിന് ഇളക്കം കിട്ടുകയും ചെയ്യും . കപ്പയ്ക്ക് നല്ല വളർച്ചയും ഉണ്ടാകും . പത്താം മാസമാണ് ഈ കപ്പയുടെ  വിളവെടുപ്പ് നടക്കുന്നത്
ജൈവ കൃഷിയുടെ വിജയം ലിംക ബുക്ക് ഓഫ് റെക്കോർഡിൽ 
ജൈവ കർഷകനായ റെജി ജോസഫിന് 2003-ൽ ലാണ് ആദ്യമായി ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കുന്നത്. ചേമ്പിന് ആറടി പത്തിഞ്ച് ഉയരമായിരുന്നു ആ വിജയം. അതിനു ശേഷം 2004-ൽ വെണ്ടക്കയ്ക്ക് 28.5 ഇഞ്ച് നീളവും , 2007-ൽ ഏഴടി 11 ഇഞ്ച്  നീളത്തിൽ കൂടുതൽ തൂക്ക മുള്ള ചേനയും വിളവെടുത്ത് ലിംക ബുക്ക് ഓഫ് റെക്കോർഡ് മൂന്നാം തവണയും കരസ്ഥമാക്കി. കൃഷിയിലൂടെ മറ്റു കർഷകർക്കും  പ്രചോദനവും പ്രോത്സാഹനമാവുകയാണ് റെജി ജോസഫ്. ലോകമെങ്ങുമുള്ള കാർഷിക പ്രദർശന മേളകളിൽ തന്റെ കാർഷിക വിഭവങ്ങൾ സന്ദർശകർക്കു മുന്നിൽ പ്രദർശിപ്പിക്കുകയും തന്റെ കാർഷിക ജീവിത  അനുഭവങ്ങൾ മറ്റു കാർഷകർക്ക് പങ്കു വയ്ക്കാറുമുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയ കാർഷിക വിളകളും പ്രദർശിപ്പിക്കാറുണ്ട്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *