Thursday, 12th December 2024
വാഴ വിഭവങ്ങള്‍ മാത്രം കൊണ്ടൊരു വിഭവസമൃദ്ധമായ സദ്യ. കേള്‍ക്കുമ്പോള്‍ ആര്‍ക്കും കൊതിയും  അതിശയവും  തോന്നിയേക്കാം..വാഴയിൽ രുചിയുടെ  വിസ്മയ ലോകം തീർത്ത് വ്യത്യസ്തനാകുകയാണ് പാറശ്ശാല ഇടിച്ചക്കപ്ലാമൂട് സ്വദേശി റഫീഖ് . വാഴയില്‍ നിന്ന് 101 വിഭവങ്ങളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരത്തു കല്ലിയൂരിൽ  നടന്ന  ദേശീയ വാഴ മഹോത്സവത്തിലാണ് റഫീക്ക് ഈ 'വാഴസദ്യ' യൊരുക്കിയത്..പതിനെട്ടുതരം കറികളും വാഴപ്പഴത്തില്‍നിന്നുള്ള  വിവിധ തരം പായസവും  ഉച്ചയൂണിന് തയ്യാറാക്കുന്നു. വാഴപ്പിണ്ടി, കൂമ്പ്, കായ്, പഴം  എന്നിവ ഉപയോഗിച്ചാണ് റഫീഖ് വിവിധതരം കറികളുണ്ടാക്കുന്നത്. കൂമ്പു തോരന്‍, വാഴപ്പിണ്ടിത്തോരന്‍, അച്ചാര്‍, വിവിധതരം ചമ്മന്തികള്‍, കായ മെഴുക്കുപുരട്ട്, തോരന്‍, അവിയല്‍, പുളിശ്ശേരി, സാമ്പാര്‍ എന്നിവയെല്ലാം .തയ്യാറാക്കുന്നത് വാഴയില്‍ നിന്നുള്ളവ ഉപയോഗിച്ചാണ്. കൂമ്പ് ഉപയോഗിച്ചുമാത്രം പത്തിനം കറികളുണ്ട്. വാഴ മഹോത്സവത്തില്‍ ഞായറാഴ്ച ഏത്തന്‍ വാഴയില്‍നിന്നുള്ളവ മാത്രം ഉപയോഗിച്ചായിരുന്നു  വിഭവസമൃദ്ധമായ കറികള്‍ക്കൊപ്പം കപ്പപ്പഴവും ഏത്തപ്പഴവും ഉപയോഗിച്ചുള്ള പായസവും ആസ്വദിക്കാം . ഓരോ ദിവസവും പലയിനം വാഴകളില്‍നിന്നുമെടുക്കുന്നവ ഉപയോഗിച്ചുള്ള 18 തരം കറികളാണ് റഫീഖിന്റെ   കണക്ക്
.ചായയോടൊപ്പം കഴിക്കാന്‍ നൂറ്റൊന്നുതരം പലഹാരങ്ങളും റഫീഖിൻ്റെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട് . ബനാന തെരളി, ബനാന അട, ബനാന ചില്ലി, ബനാന ഉഴുന്നുവട, പരിപ്പുവട, ഉണ്ണിയപ്പം, റോസ്റ്റ്, പഴംപൊരി, ബനാന മഞ്ചൂരി തുടങ്ങിയവയാണ് പലഹാരങ്ങള്‍. വാഴയില്‍നിന്നുള്ള പച്ചക്കായും പഴങ്ങളും പുഴുങ്ങി മിക്‌സിയില്‍ അരച്ചെടുത്താണ് കറികള്‍ക്കും പലഹാരങ്ങള്‍ക്കും കൂടുതലായി ഉപയോഗിക്കുന്നത്. വീട്ടിൽത്തന്നെ തയ്യാറാക്കുന്ന മസാലക്കൂട്ടുകളാണ് കറികൾ ഉണ്ടാക്കാൻ  ഉപയോഗിക്കുന്നത്.
ഗള്‍ഫില്‍ പാചകക്കാരനായിരുന്ന റഫീഖ്  കഴിഞ്ഞ ഏഴുവര്‍ഷമായി നാട്ടില്‍നിന്നു ഇത്തരം വൈവിധ്യങ്ങള്‍ പരീക്ഷിക്കുകയാണ്..മുന്‍പ് ചക്ക മാത്രം ഉപയോഗിച്ച് തയ്യാറാക്കുന്ന കറികളും ഉണ്ടാക്കിയിട്ടുണ്ട്.തൃശൂരിലെ ചക്കമേളയിലാണ് ആദ്യമായി ചക്ക സദ്യ ഒരുക്കിയത്. അന്ന് സദ്യയ്ക്കുണ്ടായ തിരക്കാണ് കൂടുതല്‍ പ്രചോദനമായത്.ചക്കയുടെ ഗുണങ്ങൾ അറിഞ്ഞ റഫീഖ് ചക്കവറ്റല്‍ ഉണ്ടാക്കി വില്‍ക്കുക ആയിരുന്നു ആദ്യം ചെയ്തത്. പിന്നെ ചക്കകൊണ്ടുള്ള മറ്റ് വിഭവങ്ങളെക്കുറിച്ചായി ചിന്ത. ഇതിനോടകം 202 വിഭവങ്ങൾ ചക്കയിൽ ഒരുക്കിക്കഴിഞ്ഞു. ഇപ്പോൾ വാഴ കൊണ്ട് ഉണ്ടാക്കാവുന്ന വിവിധതരം ഭക്ഷണങ്ങൾ പരീക്ഷിക്കുകയാണ് റഫീഖ്.  നമ്മുടെ നാട്ടിൽത്തന്നെ കൃഷി ചെയ്ത വാഴ കൊണ്ട്  വിഷമില്ലാത്ത  വിഭവങ്ങൾ  ഒരുക്കി നൽകുക എന്നത് റഫീഖിന്  സന്തോഷം നൽകുന്നു.  മാത്രമല്ല  റഫീഖി  ഉപജീവനമാര്‍ഗ്ഗം കൂടിയാണ്. യന്ത്ര സാമഗ്രികള്‍ സ്ഥാപിച്ച് നടത്തുവാനുള്ള സാമ്പത്തികമാണ് ഇപ്പോള്‍ റഫീക്കിന് തടസ്സം. ഇരുപതോളം തൊഴിലാളികളാണ് ഇപ്പോള്‍ വിഭവങ്ങള്‍ തയ്യാറാക്കാന്‍ റഫീഖിനൊപ്പമുള്ളത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *