Wednesday, 29th September 2021

വാഴക്കൃഷി വ്യാപനത്തിന്  ഏഴിന നിർദേശങ്ങൾ സർക്കാരിന് സമർപ്പിച്ച് ദേശീയ വാഴ മഹോത്സവം സമാപിച്ചു.

സി.വി.ഷിബു.


തിരുവനന്തപുരം: വിവിധ സെമിനാർ സെഷനുകളിലും സംവാദങ്ങളിലുമായി ഉരുത്തിരിഞ്ഞു വന്ന ഏഴിന നിർദേശങ്ങൾ സംസ്ഥാന സർക്കാരിന് മുൻപിൽ സമർപ്പിച്ച്  കഴിഞ്ഞ അഞ്ചു ദിവസമായി കല്ലിയൂരിൽ നടന്നു വന്ന ദേശീയ വാഴ മഹോത്സവത്തിന് സമാപനം. ഭാരതത്തിലെ വാഴയുടെ വൈവിധ്യം കണക്കിലെടുത്തും കേരളത്തിലെ വാഴക്കൃഷിയുടെ പ്രാധാന്യം പരിഗണിച്ചും തമിഴ്‌നാട്ടിലെ ഐ സി എ ആർ  നാഷണൽ റിസേർച്ച് സെന്റർ ഫോർ ബനാനയുടെ പ്രാദേശിക കേന്ദ്രം "വാഴയുടെ ജൈവ വൈവിധ്യ ഗവേഷണങ്ങൾക്കായി" കേരളത്തിൽ തുടങ്ങാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യക, വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതോടെ വാഴപ്പഴത്തിന്റെ കയറ്റുമതി സാധ്യത വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുക, കേരളത്തിലെ വാഴപ്പഴത്തിനു ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിക്കുവാൻ വേണ്ടി ഒരു 'ബനാന ഓക്ഷൻ സെന്റർ' സംസ്ഥാനത്തു സ്ഥാപിക്കുക, വാഴപ്പഴങ്ങൾ വിദേശങ്ങളിലേക്ക് കയറ്റി അയക്കുമ്പോൾ ഏറെ തടസ്സം നിൽക്കുന്ന എയർ ഫ്രെയിറ്റ് ചാർജുകൾ മറികടക്കുവാൻ ശീതീകരിച്ച സംഭരണികൾ ഉപയോഗിച്ച് കടൽ മാർഗം കയറ്റി അയയ്ക്കാൻ സംവിധാനങ്ങൾ ഒരുക്കുക, വാഴയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ ഭാരതത്തിൽ കേവലം 5 ശതമാനത്തിൽ താഴെ എന്നതിൽ നിന്നും ഗണ്യമായി ഉയർത്തുവാൻ വേണ്ട സാങ്കേതിക വിദ്യകൾ നൽകാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുക, ലോകം മുഴുവൻ ജൈവകൃഷിയിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നാട്ടിലെ വാഴക്കൃഷിയും ഈ രീതിയിലേക്ക് മാറാനുള്ള പ്രോത്സാഹനം നൽകുക, കാലിഫോർണിയ അന്താരാഷ്ട്ര ബനാന മ്യൂസിയം മാതൃകയിൽ പ്രവർത്തിക്കുന്ന ഒരു  ദേശീയ ബനാന മ്യൂസിയം കേരളത്തിൽ തിരുവനന്തപുരത്ത് സ്ഥാപിക്കുക എന്നിവയാണ് സിസ്സയും കല്ലിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ദേശീയ വാഴ മഹോത്സവത്തിൽ ഉയർന്നു വന്ന ഏഴിന ദിർദേശങ്ങൾ. 
ദേശീയ വാഴമഹോത്സവം 2018 ന്റെ സെക്രട്ടറി ജനറൽ ഡോ. സി. എസ്. രവീന്ദ്രനാണ് ഫെസ്റിവൽ റിപ്പോർട്ട് അവതരിപ്പിച്ചതും ഏഴിന നിർദേശങ്ങൾ സമർപ്പിച്ചതും. 
സംസ്ഥാന സർക്കാരിന് വേണ്ടി ഏഴിന നിർദേശങ്ങൾ ഏറ്റുവാങ്ങിയ കൃഷി വകുപ്പ് മന്ത്രി .വി.എസ്.സുനിൽ കുമാർ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പര സഹകരണത്തോടെ സംയുക്തമായി ചർച്ച ചെയ്ത് പ്രസ്തുത നിർദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്ന് സമാപന സമ്മേളന വേദിയിൽ വച്ച് തന്നെ  പ്രഖ്യാപിച്ചു.
ദേശീയ വാഴ മഹോത്സവത്തിൽ വാഴപ്പഴത്തിന്റെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ അനന്തമായ ശ്രേണി തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവയെല്ലാം സംസ്ഥാനത്തെ കർഷക സമൂഹത്തിന് പ്രയോജനം ചെയ്യുമെന്നും ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. നമ്മുടെ രാജ്യത്തിൻറെ സമ്പദ് രംഗത്തെ അടിസ്ഥാനപരമായി ബാധിക്കുന്ന പ്രശ്നങ്ങളാണ് കാർഷികരംഗത്തെ വളർച്ചയും തളർച്ചയും. കൃഷി നഷ്ടക്കച്ചവടമാണ്, മാന്യമായ ജോലിയല്ല, വരുമാനം ലഭിക്കില്ല തുടങ്ങിയ നെഗറ്റീവ് പ്രചരണങ്ങൾ നിന്ന് രക്ഷപ്പെടുത്തി  ചെറുപ്പക്കാരെ കാർഷിക രംഗത്തേക്ക് ആകർഷിക്കാൻ വാഴ മഹോത്സവം പോലുള്ള പരിപാടികൾകൊണ്ടാവും എന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട ഏതു പരിപാടിയോടും ജനങ്ങൾ വലിയ ആഭിമുഖ്യം കാണിക്കുന്നുണ്ട്. പുതിയ തലമുറ കൃഷിയോട്  മുഖം തിരിച്ചു നിൽക്കുന്നു എന്ന ധാരണയെ  ഇത് തിരുത്തിക്കുറിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മലയാളിയുടെ ഉപബോധ മനസ്സിൽ വാഴപ്പഴം എത്ര വലിയ പങ്കാണ് വഹിക്കുന്നതെന്ന് സാഹിത്യത്തിലും ചരിത്രത്തിലും ഉള്ള വായനകൾ പറഞ്ഞു തരുമെന്ന്  പ്രമുഖ ചരിത്രകാരൻ ഡോ. എം.ജി.ശശിഭൂഷൺ പറഞ്ഞു. മലയാള സാഹിത്യത്തിൽ പൂവമ്പഴത്തെ കുറിച്ച് ശ്രദ്ധേയമായ രണ്ടു ചെറുകഥകളുണ്ട്. ഒന്ന്  വൈക്കം മുഹമ്മദ് ബഷീർ എഴുതിയതും രണ്ടാമത്തേത് കാരൂരിന്റേതുമാണ്. കേരളം വാഴപ്പഴത്തിന്റെ വൈവിധ്യം കൊണ്ട്  അതീവ സമ്പന്നമാണ്. കേരളം വിട്ട്  വടക്കോട്ടു യാത്ര ചെയ്യുന്തോറും  ഒരേ തരവും ഒരേ രുചിയുമുള്ള 'കേല'യെ കാണാൻ കഴിയൂ. വാൻ റീഡിന്റെ  ഹോർത്തൂസ് മലബാറിക്കസ് പോലെ  മഹത്തായ ഒരു ഗ്രന്ഥം എഴുതപ്പെട്ടത് കേരളത്തിന്റെ ജൈവ വൈവിധ്യത്തെക്കുറിച്ചാണെന്നും  അദ്ദേഹം പറഞ്ഞു 
ഒന്നര ലക്ഷത്തോളം സന്ദർശിച്ച കല്ലിയൂരിലെ ദേശീയ വാഴ മഹോത്സവവും പ്രദർശനവും വൻ വിജയമാണെന്ന് സംഘാടക സമിതി ചെയർമാൻ കൂടിയായ സുരേഷ് ഗോപി എം.പി. പറഞ്ഞു. ഓരോ കേരളീയ ഗ്രാമങ്ങളിലും ആവർത്തിക്കേണ്ട മഹത്തായ സുകൃതമാണ് വെള്ളായണി കായലിന്റെ തീരത്തുളള കല്ലിയൂർ ഗ്രാമത്തിൽ അരങ്ങേറിയത്. കൃഷിയിലേക്കും  നനവുള്ള മണ്ണിലേക്കും  മനുഷ്യരുടെയാകെ മനസ്സുകളിലേക്കും അതിന്റെ പുണ്യം എത്തിച്ചേരും. സമ്പദ് ഘടനയെ ശക്തിപ്പെടുത്തുന്നതും കർഷകന്റെ നട്ടെല്ലിന് ഉറപ്പു നൽകുന്നതുമായ ഏതു പദ്ധതിക്കും ഒപ്പം മുഴുവൻ പിന്തുണയുമായി താനൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നേമം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് .എ.ശകുന്തള കുമാരി അധ്യക്ഷത വഹിച്ചു.  കല്ലിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് .എസ്.കുമാർ;  പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  . മല്ലിക വിജയൻ; ബാലരാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  വസന്തകുമാരി.ആർ.എസ്; വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത്  വൈസ്  പ്രസിഡന്റ് .വെങ്ങാനൂർ സതീഷ്; നേമം ബ്ളോക് പഞ്ചായത്തംഗം ജി..സതീശൻ; നേമം ബ്ളോക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ .ജെ.ഗിരിജ; കല്ലിയൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .എസ്‌ .ഷൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദേശീയ വാഴമഹോത്സവത്തോടനുബന്ധിച്ചു നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മന്ത്രി അവാർഡുകൾ വിതരണം ചെയ്തു. 
വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന  ദാനവും നടന്നു. സർക്കാർ തലത്തിൽ  വാഴയെക്കുറിച്ചുള്ള വിജ്ഞാന വിതരണത്തിന് എൻ ആർ സി ബനാന (ട്രിച്ചി) ഒന്നാം സമ്മാനവും കെ വി ഐ സി രണ്ടാം സമ്മാനവും നേടി. ഡിപ്പാർട്മെന്റ് ഓഫ് ഹോർട്ടികൾച്ചർ, തമിഴ്നാട്, എഫ് ഐ ബി കേരളം,സി ടി സി ആർ ഐ ,തിരുവനന്തപുരം, സർക്കാരിതര സംഘടനകൾക്കുള്ള മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത് തണൽ(തിരുവനന്തപുരം), ഇക്കോ ഗ്രീൻ(കോയമ്പത്തൂർ), സി.ടി.സി.ആർ.ഐ (തിരുവനന്തപുരം) എന്നിവയാണ്.
മാതൃകാ കർഷകൻ വിനോദ് എസ് പാറശ്ശാല പ്രത്യേക ആദരം ഏറ്റുവാങ്ങി.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *