Sunday, 4th December 2022
സി.വി.ഷിബു
തിരുവനന്തപുരം: കല്ലിയൂ'രിൽ നടക്കുന്ന ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജമ്മു കാശ്മീർ ഡെപ്യൂട്ടി മുഖ്യമന്ത്രി ഡോ. നിർമ്മൽ കുമാർ സിങ്ങ് ഉദ്ഘാടനം ചെയ്തു. ജമ്മു കാശ്മീർ മന്ത്രിസഭാംഗവും കാർഷിക വികസന ബോർഡ് ഉപദേശക സമിതി വൈസ് ചെയർമാനുമായ  ദൽജിത്ത് സിങ്ങ് ചിബും ചടങ്ങിൽ സംബന്ധിച്ചു. 

ഇന്ത്യയിൽ നിന്ന് മാത്രമല്ല ലോകമെങ്ങുമുള്ള ജൈവ വൈവിദ്ധ്യം എത്തിക്കാൻ ദേശീയ വാഴ മഹോത്സവത്തിന് കഴിഞ്ഞുവെന്ന് ഡോ.നിർമൽ കുമാർ സിങ്ങ് പറഞ്ഞു. കർഷകർക്കും കാർഷിക വൃത്തിക്കും മേള വലിയ സംഭാവനയാണ് ചെയ്യുന്നത്. ഓരോ പ്രദേശത്തിന്റെയും സംസ്കാരത്തിന്റെയും നാഗരികതയുടെയും മുഖമുദ്രയാണ് കലയെന്നും വിശാലമായ ഇന്ത്യാ മഹാരാജ്യത്തിന്റെ ഏതിടത്ത് പോയാലും സാംസ്കാരികമായ കണ്ണികൾ കൊണ്ട് നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെപ്പോലെ അതിസുന്ദരമായ പ്രദേശമാണ് കശ്മീരെന്ന് പറഞ്ഞ അദ്ദേഹം മുഴുവൻ കേരളീയരേയും ജമ്മു കാശ്മീർ സന്ദർശിക്കാൻ ക്ഷണിച്ചു. 

കേരളം ഇന്നേവരെ കണ്ടതിൽ വച്ചേറ്റവും വലിയ കാർഷികോത്സമാണ് വെള്ളായണിയിൽ നടക്കുന്നതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മാതൃഭൂമി സ്പെഷ്യൽ കറസ്പോണ്ടൻറ് ജി.ശേഖരൻ നായർ പറഞ്ഞു. കൃഷിയുടെ പേരിൽ, ഒരു ഫലത്തിന്റെ പേരിൽ, കേരളത്തിൽ ഒരു ദേശീയോത്സവം തന്നെ നടത്താനായത് വലിയ കാര്യമാണ്. കള്ളിച്ചെല്ലമ്മ, കിരീടം പോലുള്ള സിനിമകൾ ചിത്രീകരിച്ച അതി മനോഹരമായ സ്ഥലമാണ് വെള്ളായണിയെ ന്നും കൃഷിയുമായി ബന്ധപ്പെട്ട ഒരു പരിപാടിക്ക് ഇത്രയേറെ ജനം തടിച്ചുകൂടുന്നത്  ഒരു ചരിത്ര സംഭവമാണെന്നും ചലച്ചിത്ര സംവിധായകൻ  രാജസേനൻ പറഞ്ഞു. വാഴയെക്കുറിച്ചുള്ള മാഹാത്മ്യം ഉയർത്തിപ്പിടിക്കുന്ന വാഴ മഹോത്സവം നശിച്ചു കൊണ്ടിരിക്കുന്ന കാർഷികവൃത്തിയെ പുനരുജ്ജീവിപ്പിക്കുമെന്ന്  സംവിധായകൻ തുളസീദാസ് അഭിപ്രായപ്പെട്ടു. 

വാഴ മഹോത്സവം വലിയ വിജയമാണെന്നും  കാർഷിക സംസ്കാരത്തിന്റെ നന്മയാണ് അതിൽ പ്രതിഫലിക്കുന്നതെന്നും ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ച ബി.ജെ.പി വക്താവ് എം.എസ്.കുമാർ അഭിപ്രായപ്പെട്ടു. വളരെയേറെ ഔഷധ ഗുണമുള്ളതാണ് വാഴപ്പഴമെന്നും നിത്യജീവിതത്തിൽ പഴം കഴിക്കുന്നത് ഒരു ശീലമാക്കി മാറ്റണമെന്നും പത്മശ്രീ.ഡോ.ജെ.ഹരീന്ദ്രൻ നായർ പറഞ്ഞു. ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ, പ്രമുഖ സംഗീതജ്ഞ ഡോ.കെ .ഓമനക്കുട്ടി, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് .ആർ.ജയലക്ഷ്മി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്.സുരേഷ്, സിസ്സ ജനറൽ സെക്രട്ടറി ഡോ.സി.സുരേഷ് കുമാർ, പ്രസിഡന്റ് ഡോ.ജി.ജി.ഗംഗാധരൻ, സിസ്സ വൈസ് പ്രസിഡന്റ് അജിത്ത് വെണ്ണിയൂർ, കല്ലിയൂർ ഗ്രാമപഞ്ചായത്തംഗം പ്രദീപ് കുമാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. 

ദേശീയ വാഴ മഹോത്സവത്തിന്റെ ഭാഗമായി വിവിധ സാങ്കേതിക സെഷനുകൾ നടന്നുവരുന്നു.രാവിലെ നടന്ന സെഷനിൽ പ്രതിനിധികളെ അഭിസംബോധന ചെയ്ത് ഡോ.നിർമ്മൽകുമാർ സംസാരിച്ചു.


ദേശീയ വാഴ മഹോത്സവത്തിൽ ഇന്ന്
  
ഇന്ന് നടക്കുന്ന സാങ്കേതിക സെമിനാർ സെഷനുകളുടെ സമാപന സമ്മേളനത്തിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനിൽകുമാർ മുഖ്യാതിഥിയാവും. കേരള കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ.എസ്.സി.ജോഷി ഐ എഫ് എസ് (റിട്ട. ), കെ.എസ്.സി.എസ്‌.ടി.ഇ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.കമലാക്ഷൻ കോക്കൽ എന്നിവർ അതിഥികളായിരിക്കും. കേരള സർവ്വകലാശാല ഫാക്കൽറ്റി ഓഫ് സയൻസ് ഡീൻ ഡോ.എ. ബിജുകുമാർ, എൻ ബി എഫ് 2018 സെമിനാർ കമ്മിറ്റി ചെയർമാൻ ഡോ.സി.കെ.പീതാംബരൻ എന്നിവർ സംബന്ധിക്കും. കുട്ടികളുടെ ചിത്രരചനാ മത്സരം, പാചക മത്സരം തുടങ്ങി വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക്  അവാർഡുകൾ സമ്മാനിക്കും

Leave a Reply

Leave a Reply

Your email address will not be published.