Saturday, 22nd February 2020

പ്ലാവിന്‍റെ നാള്‍വഴികളില്‍ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്‍റെ ചുവടുവെയ്പ്പുകള്‍

മലയോര മേഖലയിലെ പുഷ്പ-ഫലവിളകളുടെ കാര്‍ഷിക പുരോഗതിയില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അമ്പലവയല്‍, മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം പ്ലാവും ചക്കയുമായി ബന്ധപ്പെട്ട ഗവേഷണ-വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളില്‍ എന്നും ഒരുപടി മുന്‍പിലാണ്. ഗവേഷണ കേന്ദ്രത്തിലെ ഇരുനൂറ്റിയമ്പത് ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ച് കിടക്കുന്ന കൃഷിയിടം വ്യത്യസ്തങ്ങളായ നിരവധി ഫലവൃക്ഷങ്ങളാല്‍ സമ്പന്നമാണ്. സപ്പോട്ട, മാവ്, ലിച്ചി, മാംഗോസ്റ്റീന്‍, ആത്ത, ചാമ്പ, മലയന്‍ ആപ്പിള്‍, വെസ്റ്റ് ഇന്ത്യന്‍ ചെറി, പപ്പായ, റംബൂട്ടാന്‍, നെല്ലിക്ക തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കിടയില്‍ അദ്വിതീയ സ്ഥാനമാണ് പ്ലാവിന് നല്‍കിയിട്ടുള്ളത്. ചെറുതും വലുതുമായ അയ്യായിരത്തോളം പ്ലാവുകളാണ് കേന്ദ്രത്തിലുള്ളത്. തേനൂറുന്ന രുചിയുള്ള തേന്‍വരിക്ക, ചുവന്ന ചുളകളുള്ള സിന്ദൂര്‍, ഉറപ്പുള്ള ചുളകളുള്ള മുട്ടംവരിക്ക, മൃദുവായ ചുളകളുള്ള താമരച്ചക്ക, പശയില്ലാത്ത ഗംലെസ്സ് ചക്ക, ഉരുണ്ട രൂപത്തിലുള്ള രുദ്രാക്ഷി തുടങ്ങി അന്‍പതോളം വ്യത്യസ്ത ഇനം പ്ലാവുകളുടെ ശേഖരമാണ് ഇവിടെയുള്ളത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എന്തിന്! വിദേശ രാജ്യങ്ങളില്‍ നിന്നുപോലും കൊണ്ടുവന്നവയാണ് ഇവയില്‍ പലതും.
വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയിലെ നൂതനരീതിയും മാവ്, പേര മുതലായ ഫലവൃക്ഷങ്ങളില്‍ വിജയകരമായി അവലംബിച്ചുപോരുന്നതുമായ ഉയര്‍ന്ന സാന്ദ്രത കൃഷിരീതി പരീക്ഷണാടിസ്ഥാനത്തില്‍ ഈ കേന്ദ്രത്തില്‍ ചെയ്തുവരുന്നുണ്ട്. പ്ലാവിന് വേണ്ടുന്ന സാധാരണ അകലമായ 8 മുതല്‍ 12 മീറ്റര്‍ എന്നതിന് പകരം 4 മുതല്‍ 5 മീറ്റര്‍ വരെ അകലത്തിലാണ് ഈ കൃഷിരീതിയില്‍ പ്ലാവുകള്‍ നട്ടിരിക്കുന്നത്. കുറഞ്ഞ അകലത്തില്‍ പ്ലാവുകള്‍ നട്ടിരിക്കുന്നതിനാല്‍ അതിനനുയോജ്യമായതും തികച്ചും ജൈവരീതിയിലുള്ളതുമായ പരിചരണവും വളപ്രയോഗവും കമ്പുകോതലും ജലസേചനവും നല്‍കിവരുന്നു. കൂടാതെ പ്ലാവിന്‍ തോട്ടത്തില്‍ കളനിയന്ത്രണത്തിനായി കളനാശിനികള്‍ ഒഴിവാക്കിക്കൊണ്ട് പ്രകൃതി സൗഹൃദ മള്‍ച്ചിംഗ് ഷീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നതും സാങ്കേതികമായൊരു രീതിയാണ്. ചരിവുള്ള തോട്ടങ്ങളില്‍ ഒരു പരിധിവരെ മണ്ണൊലിപ്പിനെ തടയാനും ഈ മള്‍ച്ചിംഗ് ഷീറ്റുകള്‍ സഹായകരമാണ്. ചാക്കുകള്‍ക്ക് സമാനമായ ഇഴവിടവുള്ള ഷീറ്റുകള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മഴവെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങുന്നതിന് ഇതൊരു തടസ്സമാകുന്നില്ല.
കര്‍ഷകര്‍ക്കായി സര്‍വകലാശാല നിര്‍ദ്ദേശിക്കുന്ന കുറഞ്ഞ നിരക്കില്‍ മുന്തിയ ഇനം പ്ലാവിന്‍റെ ഒട്ടുതൈകള്‍ ഉത്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏതാനും വര്‍ഷങ്ങളായി കേന്ദ്രത്തില്‍ സജ്ജമാണ്. ഇതുവരെ രണ്ടുലക്ഷത്തിലധികം പ്ലാവിന്‍ തൈകള്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കര്‍ഷകര്‍ക്കായി വിതരണം ചെയ്തുകഴിഞ്ഞു. കേന്ദ്രത്തിലെ മുന്തിയ ഇനം ലക്ഷണമൊത്ത തായ്വൃക്ഷത്തില്‍ നിന്നും ശേഖരിക്കുന്ന ഒട്ടു കമ്പുകള്‍ ഉപയോഗിച്ചാണ് ഇവ ഒട്ടിച്ചെടുക്കുന്നത്. പ്ലാവ് ഒട്ടിക്കുന്നതിലും തുടര്‍ന്നുള്ള പരിചരണമുറകളിലും വൈദഗ്ധ്യം നേടിയവര്‍ തയ്യാറാക്കുന്ന ഇത്തരം തൈകള്‍ ഏറെ ഗുണമേډയുള്ളവയാണെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ നൂറുശതമാനവും പാഴാകാതെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റാനുള്ള എല്ലാവിധ സൗകര്യങ്ങളുമായി സംസ്ക്കരണ-മൂല്യവര്‍ധനകേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. ചക്ക ഉപയോഗിച്ചുള്ള ചിപ്സ്, ഹല്‍വ, കാന്‍റി, ചക്കപ്പൊടി, ചക്കക്കുരുപ്പൊടി, ചക്ക ചട്ണി പൊടി, ചക്ക മടല്‍ അച്ചാര്‍ തുടങ്ങി അനവധി രുചികരമായ ഉത്പന്നങ്ങള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്. രുചിയോടൊപ്പം തന്നെ ഗുണമേډയിലും മുന്നില്‍ നില്‍ക്കുന്ന ഉത്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. കേന്ദ്രത്തില്‍ വില്‍പനകേന്ദ്രത്തില്‍ നിന്നും ഈ ഉത്പന്നങ്ങള്‍ ലഭ്യമാണ്.
ചക്കയുമായി ബന്ധപ്പെട്ട വിജ്ഞാന-വ്യാപനത്തിന്‍റെ ഭാഗമായി ചക്കയുടെ സംസ്കരണവും മൂല്യവര്‍ധനവും എന്ന വിഷയത്തെ ആസ്പദമാക്കി സ്ത്രീകള്‍ക്കായി വിവിധ പരിശീലന പരിപാടികള്‍ ഇതിനോടകം സംഘടിപ്പിച്ചുകഴിഞ്ഞു. ചക്കയുടെ വിവിധ ഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കാവുന്ന രുചിയൂറുന്ന നൂറ്റിയൊന്ന് വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ നൂറ്റിയൊന്ന് ചക്ക വിഭവങ്ങള്‍ എന്ന പുസ്തകത്തിന്‍റെ ഒന്നാം പതിപ്പ് പുറത്തിറക്കി. വീട്ടമ്മമാര്‍ക്കും പാചകത്തില്‍ താത്പര്യമുള്ളവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്നതാണ് ഈ പുസ്തകം. സാങ്കേതിക അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഉള്ളടക്കത്തിലും കെട്ടിലും മട്ടിലും പുതുമ പുലര്‍ത്തി പുറത്തിറങ്ങുന്ന ഈ പുസ്തകത്തന്‍റെ രണ്ടാം പതിപ്പ് ചക്കമഹോത്സവത്തോടനുബന്ധിച്ച് പ്രകാശനം ചെയ്യുന്നു. കൂടാതെ പ്ലാവിന്‍റെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള വിവരങ്ങളുടെ സമാഹാരമായ പ്ലാവ്: നാളെയുടെ കല്പവൃക്ഷം എന്ന മലയാളം പുസ്തകവും ജാക്ക്: ദി ഫ്യൂച്ചര്‍ ട്രീ ഓഫ് ലൈഫ് എന്ന ഇംഗ്ലീഷ് പതിപ്പും പ്രകാശനത്തിനായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഇതോടൊപ്പം പ്ലാവിനേയും ചക്കയേയും വിളകളേയും സംബന്ധിക്കുന്ന വിവരങ്ങള്‍ അനായാസേന കര്‍ഷകരിലെത്തിക്കുന്നതിനായി ലഘുലേഖകളും തയ്യാറാക്കിയിട്ടുണ്ട്.
2014 മുതല്‍ സംസ്ഥാനതല ചക്കമഹോത്സവത്തിന് വേദിയാകുന്ന അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ചക്കമഹോത്സവത്തിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചക്കയുടെ മൂല്യം ഉള്‍ക്കൊണ്ട് ആഗോളതലത്തില്‍ ചക്കയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭ ഗവര്‍ഷകര്‍ ഈ മഹോത്സവത്തില്‍ പങ്കെടുക്കുന്നു. പ്ലാവിനും ചക്ക അധിഷ്ഠിത ഉത്പാദന-സംഭരണ-സംസ്കരണ-മൂല്യവര്‍ധന മേഖലകള്‍ക്കും പ്രത്യാശയുടെ പൊന്‍കിരണങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ചക്കമഹോത്സവം – 2017നായി അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രം വേദിയാകുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *